വോട്ട് പെട്ടി പൊട്ടിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണം ആവശ്യപ്പെടാൻ ലീഗ്
മലപ്പുറം: പെരിന്തൽമണ്ണ സബ്ട്രഷറി ഓഫീസിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച പോസ്റ്റൽ ബാലറ്റ് പെട്ടി 22 കിലോമീറ്റർ അകലെയുള്ള മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിനകത്ത് പൊട്ടിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഈ മാസം 30ന് ഹൈക്കോടതി പരിഗണിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള അന്വേഷണത്തിന് ലീഗിന്റെ നജീബ് കാന്തപുരം എം.എൽ.എ ആവശ്യപ്പെടും.
കോടതിയുടെ നിലപാടറിഞ്ഞ ശേഷം തുടർനീക്കങ്ങൾ കൈക്കൊള്ളാനാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയുടെ തീരുമാനം. പെട്ടി മാറിപ്പോയതാണെന്നും കാര്യമില്ലാതെ എതിർത്ത് കേസ് നീട്ടിക്കൊണ്ടുപോവാനാണ് ശ്രമം നടക്കുന്നതെന്നുമുള്ള വിലയിരുത്തലിലാണ് കെ.പി.എം. മുസ്തഫ.
പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് സമർപ്പിച്ച റിപ്പോർട്ടിന് പുറമെ, ഈ മാസം 24ന് ജില്ലാ കളക്ടർ എസ്. പ്രേംകുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടും ഹൈക്കോടതിയുടെ മുന്നിലെത്തും. സബ് കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള അഭിപ്രായം 30നകം കോടതിയെ അറിയിക്കാൻ ഇരുകക്ഷികളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാവും കോടതി തുടരന്വേഷണത്തിൽ തീരുമാനമെടുക്കുക.
സ്ഥാനാർത്ഥികളുടെ ചീഫ് ഇലക്‌ഷൻ ഏജന്റുമാരെ മുൻകൂട്ടി അറിയിച്ച് സബ് ട്രഷറി സ്ട്രോംഗ് റൂം പരിശോധിച്ച സബ് കളക്ടർ ഇവിടെ നിന്ന് പെട്ടി നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ ശേഷം തുടർപരിശോധനകളുടെ വിവരം അറിയിച്ചില്ലെന്ന് നജീബ് കാന്തപുരം കോടതിയിൽ ചൂണ്ടിക്കാട്ടും.
സ്ട്രോംഗ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ച ബാലറ്റ് പെട്ടികൾ എവിടെ നിന്നാണ് കണ്ടുകിട്ടിയതെന്ന് സ്ഥാനാർത്ഥികളെ ബോദ്ധ്യപ്പെടുത്തേണ്ട ധാർമ്മിക ബാദ്ധ്യത റിട്ടേണിംഗ് ഓഫീസർ കൂടിയായ സബ് കളക്ടർക്കുണ്ട്. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മാത്രമാണ് വിവരങ്ങൾ അറിഞ്ഞത്. ഉദ്യോഗസ്ഥർ മാത്രമാണ് മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് സാക്ഷിയായത്. തുറന്ന വോട്ടുപെട്ടിക്കകത്ത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നുവെന്നത് ഉറപ്പാണ്. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെടും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ നിന്ന് 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്. ഉദ്യോഗസ്ഥന്റെ ഒപ്പില്ലെന്ന് കാണിച്ച് അസാധുവാക്കിയ 348 സ്പെഷ്യൽ വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.എം. മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതൽ നടപടി വന്നേക്കും
രേഖകൾ പരിശോധിക്കാതെ ബാലറ്റ് പെട്ടി കൈമാറിയതിന് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസർ എസ്.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ് എന്നിവരെ ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പെട്ടി സ്വീകരിച്ച മുൻ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. പ്രബിത്ത്, സീനിയർ ഇൻസ്‌പെക്ടർ സി.എൻ. പ്രതീഷ് എന്നിവർക്കെതിരായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടറിഞ്ഞ ശേഷം കൈക്കൊള്ളാനാണ് കളക്ടറുടെ തീരുമാനം.