കെ എസ് ആർ ടി സിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം; സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലേയ്ക്കും ഉടൻ വ്യാപിപ്പിക്കും

Saturday 21 January 2023 8:17 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി 12 മണിക്കൂര്‍ ഡ്യൂട്ടി പരിഷ്ക്കരണം കൂടുതല്‍ ഡിപ്പോകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തെ അഞ്ച് ഡിപ്പോകളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും.

പാറശ്ശാലയില്‍ നടപ്പിലാക്കിയ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വിജയമെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം. അടുത്ത ഘട്ടമെന്നോണം നെയ്യാറ്റിന്‍കര, വിഴിഞ്ഞം, പൂവാര്‍, വെള്ളറട, കാട്ടാക്കട ഡിപ്പോകളില്‍ കൂടി നടപ്പിലാക്കും. ഇതിനായി മറ്റ് ഡിപ്പോ, കോമണ്‍ പൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓർഡിനറി ബസുകള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്തിയ ഡിപ്പോകളില്‍ എത്തിക്കാന്‍ ഉത്തരവായി. തിങ്കളാഴ്ച മുതല്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങും.

എന്നാല്‍ യൂണിയനുകള്‍ കടുത്ത എതിര്‍പ്പിലാണ്.പാറശാലയിലെ സിംഗിള്‍ ഡ്യൂട്ടിയെ പറ്റി കൃത്യമായ വിലയിരുത്തല്‍ നടത്താതെ ഇത് വ്യാപിപ്പിക്കരുതെന്നാണ് ആവശ്യം. അതേസമയം ജീവനക്കാര്‍ രാജി സമര്‍പ്പിച്ചാല്‍ അവരെ വേഗത്തില്‍ വിടുതല്‍ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി.