ചീഞ്ഞ കോഴി ഇറച്ചി പിടിച്ച സംഭവം: പരിശോധനയിൽ ഇകോളി ബാക്ടീരിയ

Saturday 21 January 2023 4:11 PM IST

കളമശേരി: നഗരസഭയിലെ കൈപ്പടമുഗളിൽനിന്ന് 500കിലോ ചീഞ്ഞ കോഴിഇറച്ചിയും 15 കിലോ ചിറക് ഭാഗങ്ങളും പിടികൂടിയ സംഭവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് റീജണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഇകോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കഴിഞ്ഞ 12നാണ് വാടകവീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച അനധികൃത വില്പനശാലയിൽനിന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് ചീഞ്ഞഇറച്ചി പിടിച്ചത്. കാക്കനാട് ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. സാമ്പിളുകളിൽ ഫംഗസ് ബാധയും കണ്ടെത്തി. ഇകോളി ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

*നഗരസഭാ കൗൺസിലിൽ ബഹളം

ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഇതേച്ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങൾ പരസ്പരം ആരോപണം ഉയർത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ലൈസൻസോ സർട്ടിഫിക്കറ്റോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പകുതി പൊലീസിന്റെ കൈവശവും ബാക്കിയുള്ളത് നഗരസഭാ അധികൃതരുടെ പക്കലുമാണ്. നൂറിലേറെ കടകളിൽ ഇറച്ചി വിതരണം ചെയ്തതായി രേഖകളിലുണ്ടായിട്ടും 49 കടകളുടെ പേരുകൾ മാത്രം പുറത്തുവിടുകയും ചില പേരുകൾ ഒഴിവാക്കിയതായും ആരോപണമുണ്ട്. തുടർദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം കണ്ടെത്തിയതും ലൈസൻസില്ലാത്തതുമായ കടകൾ അടപ്പിച്ചപ്പോൾ സംഘടനാ നേതാക്കൾ ഇടപെട്ട് തുറപ്പിക്കാൻ ശ്രമിച്ചതും വിവാദമായി. ഇടപ്പള്ളി ടോളിൽ ലൈസൻസില്ലാതെ കാലങ്ങളായി ഒരു ബേക്കറി പ്രവർത്തിക്കുന്ന വിവരം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ നഗരസഭ മടിക്കുകയാണെന്ന് കൗൺസിലർ ബിന്ദു മനോഹരൻ ആരോപിച്ചു. ഇറച്ചി പിടികൂടിയ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.