എയിംസിന് സംസ്ഥാനം എന്ത്കൊണ്ടും അർഹം; പ്രധാനമന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകി, എന്നാൽ ലിസ്റ്റിൽ ഒഴിവാക്കിയതായി മുഖ്യമന്ത്രി

Saturday 21 January 2023 8:29 PM IST

ആലപ്പുഴ: എയിംസ് അനുവദിക്കുന്നതിനായുള്ള എല്ലാ യോഗ്യതകളും സംസ്ഥാനത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ ഉദ്ഘാടനവേളയിലാണ് സംസ്ഥാനത്തിന് എയിംസ് ലഭ്യമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ദീ‌ർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് എയിംസ്. ഏത് മാനദണ്ഡപ്രകാരവും കേരളത്തിന് അനുവദിക്കേണ്ടതാണ്. എയിംസ് കേരളത്തിന് ലഭ്യമാക്കണം മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനമാണ് സംസ്ഥാനം കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് ലഭ്യമാക്കുന്നതിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പരമാർശിച്ചു. പ്രധാനമന്ത്രിയുമായി കഴിഞ്ഞ തവണയുണ്ടായ ച‌ർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നതായും എന്നാൽ ലിസ്റ്റ് വന്നപ്പോൾ സംസ്ഥാനത്തിന് ഇടം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി തുടർന്നു. കാലതാമസം വരുത്താതെ തന്നെ എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമാണത്തിൽ കേന്ദ്രസർക്കാരിനെ മുഖ്യമന്ത്രി പ്രകീർത്തിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് നിർമിച്ചതെന്നും കേന്ദ്രസർക്കാരിന്റെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.