75ലേറെ സ്‌റ്റാളുകൾ; 10,​000ലേറെ സംരംഭകർ

Sunday 22 January 2023 3:20 AM IST

കൊച്ചി: സംരംഭക മഹാസംഗമത്തിൽ ഒരുക്കിയ 75ലേറെ സ്‌റ്റാളുകളും ഏവരുടെയും ശ്രദ്ധനേടി. 10,000ലേറെ സംരംഭകരാണ് സംഗമത്തിൽ സംബന്ധിച്ചത്. ആഭ്യന്തര വ്യവസായ വ്യാപാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന് (ഒ.എൻ.ഡി.സി), സംസ്ഥാന സർക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കേരള ഇ-മാർക്കറ്റ്‌ ഡോട്‌കോം എന്നിവയുടെ വിശദാംശങ്ങൾ തിരക്കിയെത്തിയവരും നിരവധി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഉത്പന്നങ്ങൾ വിൽക്കാൻ ഒ.എൻ.ഡി.സി പ്ലാറ്റ്‌ഫോം സഹായിക്കും.

സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഉദ്യം രജിസ്‌ട്രേഷൻ, സർക്കാർ ഇ-മാർക്കറ്റ് പോർട്ടലുകളായ ജെം രജിസ്‌ട്രേഷൻ, കേരള ഇ-മാർക്കറ്റ് പോർട്ടൽ, കെ-സ്വിഫ്റ്റ്, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പി.എം.എഫ്.എം.ഇ എന്നിവയുടെ സ്റ്റാളുകൾക്കൊപ്പം ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങി ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരുടെ സ്റ്റാളുകളും ശ്രദ്ധനേടി.