സേതു നിലപാടുകൾകൊണ്ടും ശ്രദ്ധേയൻ : മുഖ്യമന്ത്രി

Sunday 22 January 2023 4:45 AM IST

കൊച്ചി: എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല നിലപാടുകൾ കൊണ്ടും ശ്രദ്ധേയനാണ് സേതു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യക്തികളുടെയും സമൂഹത്തിന്റെയും ധർമ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണ് സേതുവിന്റേത്. സംസ്ഥാന സർക്കാരിന്റെ 2022ലെ എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തെ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണ് സേതുവിന്റെ കൃതികളിലുള്ളത്. കാലത്തിന്റെ പ്രതിഫലനംകൊണ്ടും അവ ശ്രദ്ധേയമായി നിൽക്കുന്നു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം സർഗ്ഗാത്മക ജീവിതത്തിനു തടസമാകുന്നില്ല എന്ന് സ്വന്തം എഴുത്തിലൂടെ സ്ഥിരീകരിച്ച അപൂർവം പേരേയുള്ളൂ. അവർക്കിടയിലാണു സേതുവിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, സാംസ്‌കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.