പോപ്പുലർ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ ഒമ്പത് പേരുടെ സ്വത്ത് കണ്ടുകെട്ടി
തിരൂരങ്ങാടി: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജില്ലയിൽ നടപടി തുടങ്ങിയത്. ഇന്നലെ വൈകിട്ടോടെ നടപടി പൂർത്തീകരിച്ചു.
തിരൂരങ്ങാടി താലൂക്കിൽ 10 പേരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാനാണ് താലൂക് അധികൃതർ നടപടി സ്വീകരിച്ചത്. ഒരാളുടെ സ്വത്ത് കൈമാറ്റം ചെയ്തു കഴിഞ്ഞതിനാൽ ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. എടരിക്കോട് ക്ലാരി സ്വദേശി ചെട്ടിയാം തൊടി അഷ്രഫ്, ഒതുക്കുങ്ങൽ മറ്റത്തൂർ പെഴുന്തരമ്മൽ ഷൗക്കത്തലി, വള്ളിക്കുന്ന് പരുത്തിക്കാട് അമ്പലക്കണ്ടി ഹംസക്കോയ, വള്ളിക്കുന്ന് കച്ചേരിക്കുന്ന കരുവളപ്പിൽ റഹീം, നന്നമ്പ്ര തെയ്യാല പട്ടരാട്ട് റഫീഖ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കൽ കടക്കുളത്ത് ചാലിയിൽ മുഹമ്മദ് ബഷീർ, ചെമ്മാട് സി.കെ.നഗർ പള്ളിയാളി മൊയ്തീൻകുട്ടി, വേങ്ങര വലിയോറ കുറുക പാലച്ചിറ അബ്ദുറസാഖ്, വലിയോറ എളമ്പിലാശേരി മുഹമ്മദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. ഇന്നലെ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ് അധികൃതർ എത്തിയാണ് നടപടി സ്വീകരിച്ചത്.
ജപ്തി ചെയ്യുന്ന വീടുകളും മറ്റ് സ്വത്തുക്കളും ലേലംചെയ്യും. നടപടികൾ ഉടൻ പൂർത്തിയാക്കി ജില്ല അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23നകം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുമുതൽ നശിപ്പിച്ചെന്ന കേസിലുൾപ്പെട്ട പ്രധാന നേതാക്കളുടേതടക്കം പട്ടിക ആഭ്യന്തരവകുപ്പ് കൈമാറിയതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തിലാണ് ജപ്തി ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്തെബർ 22ന് ഉണ്ടായ നടപടിക്കെതിെര 23നാണ് കേരളത്തിൽ ഹർത്താൽ നടത്തിയത്.