കാർഷിക യൂണി. വി.സി ആര്യയ്ക്ക് ചുമതല നൽകണം

Sunday 22 January 2023 4:01 AM IST

തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ്ചാൻസലറുടെ ചുമതല വഹിച്ചിരുന്ന കാർഷികോത്പാദന കമ്മിഷണർ ഇഷിതാറോയി പദവിയൊഴിഞ്ഞതോടെ, വെള്ളായണി കാർഷിക കോളേജിലെ പ്രൊഫസർ ഡോ.കെ.ആര്യയ്ക്ക് വീണ്ടും ചുമതല നൽകണമെന്ന് സർക്കാർ ഗവർണറെ അറിയിച്ചു. ഇഷിതാറോയിക്ക് ചുമതല നൽകിയതിനെതിരായ കേസിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെ അവർ അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഡോ.ആര്യയ്ക്ക് ഗവർണർ ചുമതല നൽകി. ഇഷിത റോയിക്ക് വി.സിയുടെ ചുമതലയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതായാണ് സർവകലാശാലയുടെ അഭിഭാഷകൻ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് ഹർജി ഹൈക്കോടതി തീർപ്പാക്കി.

അതിന് പിന്നാലെ ഇഷിത റോയി വി.സിയുടെ ചുമതലയിൽ തിരിച്ചെത്തുകയും ഡോ.ആര്യ ഒഴിയുകയും ചെയ്തു. ആരാണ് വി.സിയുടെ ചുമതലയിലുള്ളതെന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയതിനെത്തുടർന്നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക് വിശദീകരണം നൽകിയത്. പുതിയ വി.സിയെ നിയമിക്കുന്നതു വരെ ഡോ.ആര്യയ്ക്ക് വീണ്ടും ചുമതല നൽകണമെന്ന് ഡോ.ബി.അശോക് ഗവർണർക്ക് കത്ത് നൽകി.

Advertisement
Advertisement