ട്രെയിൻ യാത്ര ഇളവ് പ്രായം 70, സ്ത്രീ, പുരുഷ ഭേദമില്ല

Sunday 22 January 2023 4:11 AM IST

തിരുവനന്തപുരം: സ്ത്രീ, പുരുഷ ഭേദമില്ലാതെ പ്രായപരിധി 70 ആക്കിയും സൗജന്യ നിരക്ക് 40 ശതമാനമാക്കി നിജപ്പെടുത്തിയും മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് കേന്ദ്രം പുനഃസ്ഥാപിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 58 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 വയസ് കഴിഞ്ഞ പുരുഷൻമാർക്ക് 40 ശതമാനവുമാണ് നിലവിൽ സൗജന്യ യാത്രാ നിരക്ക്.

കൊവിഡിനെ തുടർന്ന് 2020 മാർച്ച് 19 മുതൽ ഇത് നിറുത്തിവച്ചിരുന്നു. ഭേദഗതികളോടെ പുന:സ്ഥാപിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം. 11 വിഭാഗം രോഗികൾക്കുള്ള സൗജന്യങ്ങളും ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കുമുള്ള സൗജന്യങ്ങളും നേരത്തെ പുന:സ്ഥാപിച്ചിരുന്നു. 46 മേഖലകളിലാണ് സൗജന്യ നിരക്ക് നൽകിയിരുന്നത്. ശേഷിക്കുന്നവ ഘട്ടംഘട്ടമായി പുന:സ്ഥാപിച്ചേക്കും.

യാത്രാസൗജന്യം നിറുത്തിയതോടെ മുതിർന്ന പൗരന്മാരുടെ ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇല്ലാതായതെന്ന് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്ളീപ്പർ, തേർഡ് എ.സി ക്ളാസുകളിലെങ്കിലും അനുവദിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

പ്രതിവർഷം 12 കോടി പേർ

60 വയസ് പിന്നിട്ട 12കോടി മുതിർന്ന പൗരന്മാരാണ് പ്രതിവർഷം ട്രെയിൻ യാത്ര നടത്തുന്നത്. കൊവിഡിനെ തുടർന്ന് 2020-21ൽ 1.90 കോടിയും 2021-22ൽ 5.5കോടിയുമായി കുറഞ്ഞു. 54 ശതമാനവും സ്ളീപ്പർ ക്ളാസുകളിലാണ് യാത്ര ചെയ്യുന്നത്. തേർഡ് എ.സി ഉപയോഗിക്കുന്നത് 16ശതമാനം. മുതിർന്ന പൗരന്മാരുടെ സൗജന്യ നിരക്ക് നിറുത്തിയതിലൂടെ കഴിഞ്ഞ രണ്ടുവർഷം 2560.9 കോടിയുടെ നേട്ടമുണ്ടായെന്നാണ് റെയിൽവേയുടെ കണക്ക്.