പെൺകുട്ടികൾ 'നോ' പറഞ്ഞാൽ 'നോ' തന്നെ: ഹൈക്കോടതി

Sunday 22 January 2023 4:19 AM IST

കൊച്ചി: പെൺകുട്ടികളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണമെന്നും 'നോ' എന്നു പറഞ്ഞാൽ അതിനർത്ഥം 'നോ' എന്നു തന്നെയാണെന്ന് അവർ മനസിലാക്കണമെന്നും ഹൈക്കോടതി. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണം. പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടുത്തതിനെതിരെ കൊല്ലത്തെ ഒരു എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

കോളേജിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹർജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. തന്റെ വാദം കേട്ടില്ലെന്നാരോപിച്ച് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ ചെയർമാനായി രണ്ടാഴ്‌ചയ്ക്കകം അപ്പീൽ സമിതി രൂപീകരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ പരാതിക്കാരന്റെ കൂടി ഭാഗം കേട്ട് വിഷയത്തിൽ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

എതിർ ലിംഗക്കാരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്കൂൾ തലത്തിലും പഠിപ്പിക്കണം. ഉത്തമ പുരുഷൻ സ്ത്രീയെ ഉപദ്രവിക്കില്ലെന്നും ദുർബലരാണ് ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്നും അവരെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു. മദ്ധ്യകാലഘട്ടത്തിലെ ഇസ്ളാമിക പണ്ഡിതൻ ഇബ്‌നുൽ ഖയിം അൽ ജൗസിയ പറയുന്നു : 'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു'.

പാഠ്യപദ്ധതിയുടെ ഭാഗമാകണം

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടി വരികയാണെന്ന് ഹൈക്കോടതി വിലയിരുത്തി. നല്ല സ്വഭാവത്തിന്റെയും മികച്ച പെരുമാറ്റത്തിന്റെയും പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രൈമറി ക്ളാസുകൾ മുതൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കണം. ഇതിനായി വിധിന്യായത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ ബോർഡുകൾക്കും നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. യു.ജി.സിക്കും ഇതിൽ നിർണായക പങ്കുണ്ട്. ഈ നിർദ്ദേശങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയാനായി ഹർജി ഫെബ്രുവരി മൂന്നിനു വീണ്ടും പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement