ഭക്ഷണം പാഴ്സലിന് സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധം
Sunday 22 January 2023 4:24 AM IST
തിരുവനന്തപുരം :സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ച് സർക്കാർ ഉത്തരവായി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകംചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേർഡ്സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകംചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്നെങ്കിൽ യാത്രയിലും 60ഡിഗ്രി ഊഷ്മാവ് നിലനിറുത്തണം. ഇത്തരം ഭക്ഷണം സാധാരണ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.