ആദ്യശ്രമം വിഫലം; പിടി 7നെ പിടികൂടാനായില്ല, ദൗത്യം ഇന്നും തുടരും

Sunday 22 January 2023 12:59 AM IST

പാലക്കാട്: വൻ സന്നാഹം ഒരുക്കിയിട്ടും ധോണിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തുന്ന പി.ടി ഏഴ് എന്ന കാട്ടാനയെ പിടികൂടാനായില്ല. കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഇന്നലെ ഉച്ചയോടെ അവസാനിപ്പിച്ചു. ദൗത്യം ഇന്നും തുടരും.

ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് ഏകോപന ചുമതലയുള്ള എ.സി.എഫ് ബി.രഞ്ജിത്ത് പറഞ്ഞു. 72 അംഗ വനപാലകരാണ് പി.ടി ഏഴിനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഒപ്പമുണ്ട്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി ഏഴിനെ കണ്ടെത്തിയാൽ മയക്കുവെടിയുതിർത്ത് പിടികൂടാനായിരുന്നു ശ്രമം. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റുകയായിരുന്നു പദ്ധതി.

വനപാലകരുടെയും കുങ്കിയാനകളുടെയും സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പി.ടി ഏഴ് പതിയെ ചെങ്കുത്തായ മലഞ്ചെരിവിലൂടെ ഊൾക്കാട്ടിലേക്ക് നീങ്ങി. ഇതോടെ ദൗത്യം അവസാനിപ്പിച്ച് 50 പേരടങ്ങുന്ന ആദ്യസംഘം ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തി. പിന്നാലെ മൂന്ന് കുങ്കിയാനകളെയും തിരിച്ചെത്തിച്ചു.

ആദ്യം ട്രാക്കിംഗ് സംഘം പിന്നാലെ ഡോക്ടറും

ധോണി അരിമണി എസ്റ്റേറ്റ് മേഖലയിൽ ആർ.ആർ.ടി സംഘം കാട്ടാനയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ ട്രാക്കിംഗ് സംഘം ദൗത്യത്തിനിറങ്ങി. ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി വനമേഖലയിലേക്ക് നീങ്ങി. പിന്നാലെ ഡോ.അരുൺ സക്കറിയുൾപ്പെടുന്ന രണ്ടാമത്തെ സംഘമെത്തി. ഒപ്പം കുങ്കിയാനകളും. അരിമണി എസ്റ്റേറ്റ് മേഖലയിലെ സമതലത്തിൽ ആനയെ കണ്ടെത്തിയെങ്കിലും വെടിയുതിർക്കാവുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് വനമേഖലയിലെ ചെങ്കുത്തായ സ്ഥലത്തേക്ക് കാട്ടാന നീങ്ങുകയായിരുന്നു. നാല് മണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ ഇവിടവെച്ച് രണ്ടുതവണ വെടിയുതിർക്കാൻ അവസരമുണ്ടായെങ്കിലും ഭൂപ്രകൃതിയും ചൂടും പ്രതികൂലമായതിനാൽ ദൗത്യസംഘം പിന്മാറി.

അരിമണി മേഖലയിൽ നിന്ന് ഉൾക്കാട്ടിലേക്ക് നീങ്ങിയ പി.ടി ഏഴ് ഇപ്പോൾ ചപ്പാത്തിന് സമീപമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആർ.ആർ.ടി,​ ട്രാക്കിംഗ് സംഘങ്ങൾ രാത്രിയും ആനയെ നിരീക്ഷിക്കുന്നുണ്ട്.

ദൗത്യം ഇന്ന് നേരത്തെ തുടങ്ങും

രണ്ടാംദിവസത്തെ ദൗത്യം ഇന്നുപുലർച്ചെ ആരംഭിക്കും. സാധാരണ രാത്രിയും പുലർച്ചെയുമാണ് പി.ടി ഏഴ് കാടിറങ്ങുന്നത്. അതിനാൽ അർദ്ധ രാത്രി ആനയെത്തിയാൽ ദൗത്യം പുനരാരംഭിക്കാൻ സംഘം പൂർണ സജ്ജമാണ്.

2022 നവംബർ മുതൽ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ വിലസുകയാണ് പി.ടി ഏഴ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കൊമ്പന്റെ വരവ്. കഴിഞ്ഞ മൂന്ന് ദിവസമായി പി.ടി ഏഴ് ഒറ്റയ്ക്കാണ്. ഇത് ദൗത്യസംഘത്തിന് ആശ്വാസമാണ്. ഞായറാഴ്ച ദൗത്യം നേരത്തെ ആരംഭിച്ച് ചൂട് തുടങ്ങും മുമ്പ് ആനയെ പിടികൂടാനാണ് ലക്ഷ്യമിടുന്നത്.

  • പുലർച്ചെ നാല് ട്രാക്കിംഗ് സംഘം ദൗത്യത്തിന് പുറപ്പെട്ടു.
  • അഞ്ചിന് ഡോ.അരുൺ സക്കറിയ അടക്കും ഡോക്ടർമാരടങ്ങുന്ന സംഘം സ്ഥലത്തേക്ക് തിരിച്ചു.
  • രാവിലെ ആറിന് മൂന്ന് കുങ്കിയാനകളും മറ്റുള്ള ടീമംഗങ്ങളും വനമേഖലയിലേക്ക് .
  • ഏഴിന് ദൗത്യസംഘം അരിമണി എസ്റ്റേറ്റിൽ നിലയുറപ്പിച്ച ആനയ്ക്ക് അരികിലേക്ക്.
  • 7.20ഓടെ പി.ടി. ഏഴ് മലഞ്ചെരിവിലേക്ക് നീങ്ങി .
  • 11 മണിക്ക് ആന ഉൾക്കാട്ടിലേക്ക് നീങ്ങി.
  • ഉച്ചയ്ക്ക് 12ന് ദൗത്യം അവസാനിപ്പിക്കുന്നതായി അറിയിപ്പ്, കുങ്കിയാനകളെ തിരിച്ചെത്തിച്ചു.
Advertisement
Advertisement