പൈനാപ്പിളിന് നല്ല കാലം കർഷകർ പ്രതീക്ഷയിൽ

Sunday 22 January 2023 12:06 AM IST
സജീവമായ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്

മൂവാറ്റുപുഴ: കർഷകർക്ക് വൻ പ്രതീക്ഷ നൽകി പൈനാപ്പിളിന് ആവശ്യകത ഏറുന്നു. ഒപ്പം വിലയും ഉയരുന്നു. ഇത് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന് ഉണർവേകി.

എണ്ണായിരം ടൺ പൈനാപ്പിൾ സംഭരണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾ എത്തിയതിന്റെ ഉത്സാഹത്തിലാണ് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്. കൊവിഡ് കാലത്ത് വൻ തകർച്ച നേരിട്ട കർഷകർക്ക് ഇത് വലിയ ആശ്വാസമായി.

ഇത്തവണത്തെ സീസണിൽ പൈനാപ്പിളിനു ലഭിച്ചത് റെക്കാഡ് വിലയാണ്. വൻതോതിലുള്ള വിലയിടിവ് നേരിടാത്തതിനാൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ നഷ്ടത്തിന് കർഷകർക്ക് ചെറിയ ആശ്വാസമായി. ഇതിനിടയിലാണ് പൈനാപ്പിൾ ശേഖരിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ കമ്പനികൾ വാഴക്കുളത്ത് സജീവമായിരിക്കുന്നത്. കൊവിഡിനു മുമ്പ് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം സംസ്കരണ കമ്പനികൾ വാഴക്കുളത്തു നിന്ന് 8000 ടൺ പൈനാപ്പിൾ സംഭരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മാറി വ്യാപാരം വീണ്ടും സജീവമായതോടെ പൈനാപ്പിൾ സംഭരിക്കാൻ കമ്പനികൾ ഓർഡർ നൽകി തുടങ്ങിയിട്ടുണ്ട്. വില വർദ്ധന കർഷകർക്കും വ്യാപാരികൾക്കും ഗുണകരമാകും. റംസാൻ കൂടി എത്തുന്നതോടെ കർഷകർക്ക് കൂടുതൽ മികച്ച വില ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൈനാപ്പിൾ

കി​ലോ വി​ല 40

വിപണിയിൽ 40 രൂപയാണ് പൈനാപ്പിളിന് വില. മുൻ വർഷങ്ങളിൽ കൊവിഡ്, വെള്ളപ്പൊക്കം, കാലാവസ്ഥ വ്യതിയാനം, തൊഴിൽ ക്ഷാമം എന്നിവ കാരണം പൈനാപ്പിൾ വില 7 രൂപ വരെയായി കുറഞ്ഞിരുന്നു. ടൺ കണക്കിനു പൈനാപ്പിൾ ചീഞ്ഞു പോകുന്ന സ്ഥിതിവരെയുണ്ടായി. ഫെബ്രുവരിയോടെ ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതും മാർച്ചിൽ റംസാൻ ആരംഭിക്കുന്നതും പൈനാപ്പിൾ കർഷകർക്ക് വൻ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ.

പൈനാപ്പിൾ വില ഉയരുന്നത് വളരെ ആശ്വാസമാണ്. തകർച്ചയിലായിരുന്ന പൈനാപ്പിൾ വിപണയെ സജീവമാക്കും. അതി​നൊപ്പം സാമ്പത്തിക ദുരിതത്തിലായ കർഷകരെ കരകയറ്റും.

ഡൊമനിക് സ്കറിയ, സംസ്ഥാന വൈസ് പ്രസിഡന്റ്

ഓൾ കേരള ഫ്രൂട്സ് മർച്ചന്റ് അസോസിയേഷൻ