ജപ്തി നടപടി : പന്തളത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ചു
പത്തനംതിട്ട /പന്തളം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പന്തളം കടയ്ക്കാട്ടുള്ള പ്രാദേശിക നേതാവിന്റെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി പന്തളം വില്ലേജ് ഓഫീസിൽ നിന്നുള്ള റവന്യു സംഘം വീട്ടിൽ നോട്ടീസ് പതിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. അക്രമികൾ വരുത്തിയ കോടിക്കണക്കിന് രൂപയുടെ നഷ്ടം പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്തളം ഡിവിഷണൽ പ്രസിഡന്റ് ആയിരുന്ന പന്തളം തോന്നല്ലൂർ ഉളയ മഠത്തിൽ പുത്തൻവീട്ടിൽ അൽ അമീൻ, ഭാര്യ ഫാത്തിമ ബീവി എന്നിവരുടെ ആറ് സെന്റ് സ്ഥലത്തുള്ള വീട്ടിലാണ് നോട്ടീസ് പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥസംഘം നോട്ടീസ് വായിച്ച് കേൾപ്പിച്ച് ഫാത്തിമ ബീവിക്ക് നൽകിയെങ്കിലും സ്വീകരിക്കാൻ ഇവർ വിസമ്മതിച്ചു. തുടർന്ന് ജപ്തി നോട്ടീസ് വീടിന്റെ മുൻവശത്തുള്ള ഭിത്തിയിൽ പതിക്കുകയായിരുന്നു. നോട്ടീസിന്റെ പകർപ്പ് പന്തളം സബ് രജിസ്റ്റർ ഓഫീസിലും പന്തളം മുൻസിപ്പാലിറ്റിയിലും പന്തളം വില്ലേജ് ഓഫീസിലും പതിച്ചിട്ടുണ്ട്. പന്തളം വില്ലേജ് ഓഫീസർ രേണു രാമൻ, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അനീഷ് കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മനു മുരളി, എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് നോട്ടീസ് വീട്ടിലെത്തി പതിച്ചത്. രണ്ടാഴ്ച മുമ്പ് വീട്ടുകാർക്ക് ജപ്തി നടപടികളുടെ മുന്നറിയിപ്പ് നോട്ടിസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം വന്നതോടെയാണ് ജപ്തി നടപടികളുടെ വേഗം ഏറിയത്. വീടിന്റെയും വസ്തുവിന്റെയും ലേല നടപടികളാണ് ഇനിയുള്ളത്. ഇതിനായി പൊതുമരാമത്തുവകുപ്പ് അധികൃതർ വീടിന്റെയും വസ്തുവിന്റെയും വില നിർണയ നടപടികൾ ആരംഭിച്ചു. ഇത് പൂർത്തീകരിക്കുന്ന മുറയ്ക്ക് വസ്തുവകകൾ ഏറ്റെടുത്തു കൊണ്ടുള്ള നോട്ടിസ് കൈമാറിയതിനു ശേഷം ലേലത്തിനു വയ്ക്കും.