മെഡിക്കൽ കോളേജിലേക്കും വൈപ്പിൻ ബസ് വേണമെന്ന് ആവശ്യം
കൊച്ചി: വൈപ്പിൻ ദ്വീപിൽ നിന്നാരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിലേയ്ക്കും വേണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ഉന്നയിച്ച് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണന് നിവേദനം നൽകി.
വൈപ്പിനിൽ നിന്ന് നഗരം കടന്ന് ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മെഡിക്കൽ കോളേജ് റൂട്ട് തിരഞ്ഞെടുത്തിട്ടില്ല. ദ്വീപ് നിവാസികളായ സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ കോളജിലേക്കും കാൻസർ സെന്ററിലേക്കും വൈപ്പിനിൽ നിന്നു നേരിട്ട് ബസ് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.
ബസില്ലാ ബസ് സ്റ്റാൻഡ്
കളമശേരി മെഡിക്കൽ കോളേജിന് സമീപം ബസ് സ്റ്റാൻഡ് നിർമ്മിച്ചെങ്കിലും ബസുകൾ എത്തുന്നില്ല. മെഡിക്കൽ കോളജിന് പുറമെ, നുവാൽസ് ലാ കോളജ്, കാൻസർ സെന്റർ, സ്റ്റാർട്ട് അപ്പ് കേന്ദ്രം, ഇലക്ട്രോണിക് വ്യവസായ കേന്ദ്രം എന്നിവയുടെ സമീപത്ത് ബസ് സ്റ്റാൻഡ് നിർമ്മിച്ചിട്ട് വർഷങ്ങളായി. പക്ഷേ, ബസുകൾ ഇവിടെ കയറാറില്ല. സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തപ്പോൾ ബസുകളുടെ വരവിനെക്കുറിച്ച് അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പാഴായി. എച്ച്.എം.ടി ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജ് വഴി കങ്ങരപ്പടി വരെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചെങ്കിലും വൈകാതെ നിലച്ചു.