കരനാഥൻമാർ ചൂട്ടുവച്ചു, കോട്ടാങ്ങൽ പടയണിക്ക് തുടക്കമായി

Sunday 22 January 2023 12:18 AM IST

മല്ലപ്പള്ളി : ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവച്ചു. ശ്രീകോവിലിനുള്ളിൽ നിന്ന് മേൽശാന്തി കൈമാറിയ അഗ്നിജ്വാല കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ഏറ്റുവാങ്ങി. ക്ഷേത്ര കിഴക്കേനടയിൽ സന്നിഹിതരായിരുന്ന കരക്കാരുടെ സാന്നിദ്ധ്യത്തിൽ, "കരക്കാരുടെ അനുവാദത്തോടുകൂടി എട്ടു പടയണിക്ക് ചൂട്ടു വയ്ക്കുന്നു " എന്ന് വിളിച്ചുചൊല്ലി , കരനാഥൻമാർ ചൂട്ടുവച്ചു.

കുളത്തൂർകരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണപണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പും ചൂട്ടുവച്ചു.

22ന് ചൂട്ടുവലത്ത് നടക്കും. 23 നും 24 നും ഗണപതിക്കോലവും 25 നും 26 നും അടവി, പള്ളിപ്പാന എന്നിവയും 27 നും 28 നും വലിയ പടയണിയും നടക്കും.

ദാരിക നിഗ്രഹാനന്തരം തുള്ളിയുറഞ്ഞു കോപത്തോടെ ഉഗ്രരൂപം പൂണ്ട ഭദ്രകാളിയുടെ കോപം ശമിപ്പിക്കാൻ ശിവ ഭൂതഗണങ്ങൾ പഞ്ചവർണ്ണങ്ങളാൽ ദേവി രൂപം വരച്ച് തുള്ളിയതിന്റെ സ്മരണാർത്ഥമാണ് പടയണി ആചരിക്കുന്നത്.

തിന്മയുടെ മേൽ നന്മയുടെ വിജയമായിട്ടാണ് പടയണി കണക്കാക്കപ്പെടുന്നത്.

ചിട്ടവട്ടങ്ങൾ പാലിച്ച്, ചൂട്ടുകറ്റുകളുടെ അകമ്പടിയോടെ, വൻ ജനസാന്നിദ്ധ്യത്തിൽ നടക്കുന്ന പടയണി എന്ന സവിശേഷത കോട്ടാങ്ങൽ പടയണിയെ വ്യത്യസ്തമാക്കുന്നു.

29ന് കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ ചേർന്നു പുലവൃത്തം തുള്ളി പടയണിക്ക് പര്യവസാനം കുറിക്കും.