മന്ത്രിയുടെ വാദം പൊളിയുന്നു; വന്യമൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് വനംവകുപ്പ്

Sunday 22 January 2023 12:21 AM IST

കൊച്ചി: കേരളത്തിൽ വന്യജീവികളുടെ എണ്ണം പെരുകിയെന്ന വനംമന്ത്രിയുടെ പ്രസ്താവന പൊളിയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ വനവിസ്തൃതി കൂടിയിട്ടും വന്യജീവികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് വനംവകുപ്പിന്റെ സ്ഥിതിവിവരക്കണക്ക് (2022 നവംബർ).

2010 നു ശേഷം ആന, കാട്ടുപന്നി, പുള്ളിമാൻ എന്നിവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറ്റവുമധികം പ്രാധാന്യം നൽകി സംരക്ഷിക്കുന്ന ഇരവികുളത്തെ വരയാടുകളും കുറഞ്ഞു. കാട്ടുപോത്ത്, മ്ലാവ് (സാമ്പർ) എന്നിവ മാത്രം നാമമാത്രമായി വർദ്ധിച്ചു.

സംസ്ഥാനത്തെ വനവിസ്തൃതി 215.438 ചതുരശ്രകിലോമീറ്റർ (സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 0.065%) വർദ്ധിച്ചെന്നും വനംവകുപ്പിന്റെ അവകാശവാദം.

2002ന് ശേഷം സംസ്ഥാനത്ത് വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല. 2005, 2010, 2012, 2017 വർഷങ്ങളിൽ കാട്ടാന സെൻസസ് നടത്തി. കടുവയെയും വരയാടിനെയും കാമറ ട്രാപ്പ് ഉപയോഗിച്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ജനരോഷത്തിൽ നിന്ന് തത്കാലം രക്ഷപ്പെടാനാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

യൂക്കാലിപ്റ്റസ്, മഞ്ഞക്കൊന്ന, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങൾ പുൽമേടുകളിൽ വ്യാപിച്ചതോടെ ആന, മാൻ, കാട്ടുപോത്ത് എന്നിവയ്ക്ക് ഭക്ഷ്യക്ഷാമമായി. ഇതോടെയാണ് ഇത്തരം മൃഗങ്ങൾ കാടിനു പുറത്തിറങ്ങുന്നത്. കളപ്രശ്നം പരിഹരിക്കാതെ മൃഗങ്ങളെ വന്ധ്യംകരിച്ചതുകൊണ്ടോ കൊന്നൊടുക്കിയതുകൊണ്ടോ പ്രശ്നം തീരില്ലെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

 വനംവകുപ്പിന്റെ സ്ഥിതിവിവരക്കണക്ക്

ഇനം ............................. 2010.................................. 2022

കാട്ടാന...........................6062..................................5706 (2017)

കാട്ടുപോത്ത്.................14787...............................17860

മ്ലാവ് ................................30414................................32148

കാട്ടുപന്നി....................... 60940 ............................48034

പുള്ളിമാൻ.......................38391..............................11398

കടുവ..................................71 .....................................190

വരയാട് ........................... 776....................................723

 ആന

സാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 0.59

ആൺ - പെൺ അനുപാതം.............. 1:1.51

 കടുവ

2010............. 71

2022............190

 കുറവ്

പുള്ളിമാൻ.......20750

കാട്ടുപന്നി........12906

ആന.................. 356

 വനവിസ്തൃതി

2010.......11309.475 ച.കി.മീ ( കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 29%)

2022.......11524.913 ച.കി.മീ (29.65%)

''2002ന് ശേഷം കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തിയിട്ടില്ല. അതിനാൽ അവയുടെ വംശ വർദ്ധനവാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന വാദം വസ്തുതാവിരുദ്ധമാണ്. ആനയും പുള്ളിമാനും കാട്ടുപോത്തും പന്നിയും കുറയുന്നുണ്ടെങ്കിൽ വനംവകുപ്പ് മറുപടി പറയേണ്ടിവരും''

- ഡോ. പി.എസ്. ഈസ, മുൻ സയിന്റിസ്റ്റ്, കെ.എഫ്.ആർ.ഐ