സ്വാമി ശുഭാംഗാനന്ദയുമായി കെ.സുധാകരൻ കൂടിക്കാഴ്ച നടത്തി

Sunday 22 January 2023 12:00 AM IST

ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ ചെമ്പഴന്തി ഗുരുകുലത്തിലും സമാധിസ്ഥലമായ ശിവഗിരി ഉൾപ്പെടെയുള്ള ശ്രീനാരായണ പുണ്യകേന്ദ്രങ്ങളിലുമടക്കം ഉണ്ടായ മാറ്റങ്ങൾ മാതൃകാപരമാണെ

ന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. അതിന് നേതൃത്വം നൽകുന്ന സന്യാസിവര്യന്മാരെ അഭിനന്ദിക്കുന്നു. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ഗുരുകുലം സെക്രട്ടറിയുമായ സ്വാമി ശുഭാംഗാനന്ദയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

മതാതീത ആത്മീയതയ്ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. മതത്തിന് അതീതമായി മനുഷ്യനെ ഒന്നായി കാണാനും മാനുഷിക മൂല്യങ്ങൾക്ക് വില കല്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഗുരുവിന് സാധിച്ചു. അദ്വൈതചിന്തകളെ മുറുകെ പിടിച്ചുകൊണ്ടുള്ള ഗുരുദേവ ദർശനത്തിന് എന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് 7ന് ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ കെ.പി.സി.സി പ്രസിഡന്റിനെ സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മര്യാപുരം ശ്രീകുമാർ, ആറ്റിപ്ര അനിൽ, രാജേന്ദ്രൻ കൂട്ടിൽ, ശ്രീകല, അണിയൂർ എം.പ്രസന്നകുമാർ, പാങ്ങപ്പാറ അശോകൻ, ആറ്റിങ്ങൽ സുരേഷ്, ബോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.