കുണ്ടറയിലെ ലെവൽ ക്രോസുകളിലെ ഗതാഗത കുരുക്ക് നാട്ടുകാർ ചോദിക്കുന്നു ഈ കുരുക്കെന്നഴിയും?
കൊല്ലം: ലെവൽ ക്രോസുകളിലെ ഗതാഗത കുരുക്കിൽ നട്ടംതിരിയുന്ന കുണ്ടറ പള്ളിമുക്കിലെയും ഇളമ്പള്ളൂരിലെയും ജനങ്ങളുടെ ദുരിതത്തിന് അവസാനമില്ല. വർഷങ്ങളായി ലെവൽ ക്രോസിൽ കുരുങ്ങി ദുരിതം അനുഭവിക്കുകയാണ് ഈ നാട്ടുകാരും കൊല്ലം-ചെങ്കോട്ട, കൊല്ലം- തേനി പാതകളിലെ യാത്രക്കാരും.
പളളിമുക്ക്, ഇളമ്പള്ളൂർ, മുക്കട ലെവൽക്രോസുകളിൽ ദിവസേന മണിക്കൂറുകളാണ് യാത്രക്കാർ കുരുങ്ങിക്കിടക്കുന്നത്. തിരക്കുള്ള നേരങ്ങളിൽ വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാരാണ് ഗതാഗത കുരുക്കിൽപ്പെടുന്നവരിൽ അധികവും. ഫയർഫോഴ്സ്, ആംബുലൻസ് വാഹനങ്ങളും കുടുങ്ങിക്കിടക്കാറുണ്ട്. ആശുപത്രിയിലേക്ക് പോകുന്ന രോഗികളും എയർപോർട്ടിലേക്ക് പോകുന്നവരും കുരുക്കിൽ പെടുന്നത് പതിവാണ്.
പളളിമുക്കിൽ മേൽപ്പാലം നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പാണ് തടസമായി നിൽക്കുന്നത്. കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് വരെയുള്ള റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനും പള്ളിമുക്കിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുമായി 447.15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകളിൽ നിന്ന് എതിർപ്പുണ്ടായതോടെ പദ്ധതി മരവിക്കുകയായിരുന്നു.
ബജറ്റിൽ പ്രതീക്ഷ
കൊല്ലം- ചെങ്കോട്ട പാതയുടെ കുരുക്ക് അഴിക്കാൻ അടുത്ത ബഡ്‌ജറ്റിൽ നടപടി ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പള്ളിമുക്കിലെയും ഇളമ്പള്ളൂരിലെയും ലെവൽ ക്രോസുകളിൽ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുകയാണ് കുരുക്കിനുള്ള ഏക പരിഹാരം. ബഡ‌്ജറ്റിൽ അതിനാവശ്യമായ ഫണ്ട് ഉൾപ്പെടുത്തണമെന്നും ഇതിനായി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
..........................................
''കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിലേ പ്രശ്നത്തിന് പരിഹാരമാകൂ. ഓരോ ദിവസം കഴിയുംതോറും ജനങ്ങളുടെ ദുരിതം വർദ്ധിക്കുകയാണ്.
സുരേഷ്
ഓട്ടോ ഡ്രൈവർ