കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ശങ്കർ മോഹൻ രാജിവച്ചു

Sunday 22 January 2023 12:00 AM IST

കോട്ടയം: വിദ്യാർത്ഥി സമരം തുടരുന്നതിനിടെ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. വിവാദത്തിന്റെ പേരിലല്ല രാജിയെന്നും കാലാവധി കഴിഞ്ഞതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ വിജയമാണ് ഡയറക്ടറുടെ രാജിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ജാതി വിവേചനം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി സമരം. വിഷയം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി ശങ്കർ മോഹൻ രാജിസമർപ്പിച്ചത്. മന്ത്രി ബിന്ദുവിനും,ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും പകർപ്പ് കൈമാറിയിട്ടുണ്ട്. രണ്ട് വർഷമായിരുന്നു ശങ്കർ മോഹന്റെ കാലാവധി. കാലാവധി അവസാനിച്ചതിനാൽ നീട്ടി നൽകുകയായിരുന്നു. ഡയറക്ടറുടെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമമെങ്കിലും അടൂർ ഗോപാലകൃഷ്ണനും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

'' ഡയറക്ടർ രാജിവച്ചെങ്കിലും സംവരണ അട്ടിമറിയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണം''

-സമരക്കാർ