മെഡിക്കൽ കോളേജ് പുതിയ ബ്ലോക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യണം: ബി.ജെ.പി
കോഴിക്കോട്: പ്രധാനമന്ത്രി സ്വാസ്ഥ്യ യോജനപ്രകാരം 195 കോടി രൂപ ചെലവിൽ മെഡിക്കൽ കോളേജിൽ പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി നിർവഹിക്കണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. 19 ഓപ്പറേഷൻ തിയറ്റർ, 430 ബെഡ്ഡുകൾ, 10 ഐ .സി .യു, സർജിക്കൽ സൂപ്പർ സ്‌പെഷ്യലിറ്റീസ്, ആക്‌സിഡന്റ് ആൻഡ് എമർജൻസി എന്നീ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുളള മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കാണ് പൂർത്തിയായിരിക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയി ലായി ആറ് നിലകളിയായി കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ 80 ശതമാനവും സംസ്ഥാനത്തിന്റെ 20 ശതമാനവും ചെലവഴിച്ച് പണിത കോംപ്ലക്‌സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടങ്ങൾ, 10 ഐ.സി.യു, 19 ഓപ്പറേഷൻ തിയറ്റർ അടക്കം 430 ബെഡ്ഡുകളാണുള്ളത്. . താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗം, ഫാർമസി, ബ്ലഡ് ബാങ്ക്, ഇ.സി.ജി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടാകും. ആറ് നിലകളിലായി സജ്ജീകരിച്ച ചികിത്സാ സൗകര്യങ്ങൾക്ക് പുറമെ മെഡിക്കൽ കോളേജിൽ ആദ്യമായി ഒരു ബ്ലോക്കിനുവേണ്ടി നിർമ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ്( 500 കെ.എൽ.ഡി),ആയിരം കിലോ ലിറ്റർ ശേഷിയുളള രണ്ട് ഓക്‌സിജൻ പ്ലാന്റ് ,പവർ ഹൗസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗമായി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പൂർണമായി ഓർത്തോ വിഭാഗത്തിനായി ഉപയോഗപ്പെടുത്തും.ഇത്രയും വലിയ സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതി അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾക്ക് അർഹമായ പ്രാതിനിധ്യം ഉദ്ഘാടനവേളയിൽ നൽകണമെന്നും സജീവൻ ആവശ്യപ്പെട്ടു.