വാർഷിക പദ്ധതി ബഡ്ജറ്റിന് ശേഷം
Sunday 22 January 2023 12:00 AM IST
തിരുവനന്തപുരം: ബഡ്ജറ്റ് വിഹിതം അറിഞ്ഞശേഷം വാർഷിക പദ്ധതി അന്തിമമാക്കിയാൽ മതിയെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം. അതിനാൽ 2023-24ലെ വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകൾ മാർച്ച് 3ന് മുൻപും അന്തിമ വാർഷിക പദ്ധതി സമർപ്പിച്ചാൽ മതി. സംസ്ഥാന ബഡ്‌ജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുമ്പോൾ, വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്ന യഥാർത്ഥ വിഹിതം അറിയാനാകും. ഈ തുകയെ അടിസ്ഥാനമാക്കി വാർഷികപദ്ധതി അന്തിമമാക്കിയാൽ പദ്ധതി നടത്തിപ്പ് കൂടുതൽ സുഗമമായി നിർവഹിക്കാനാകുമെന്ന് കണ്ടാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.