ക്ഷേത്ര കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വാഹന മോഷണത്തിൽ അകത്തായി

Sunday 22 January 2023 12:05 AM IST
crime

കോഴിക്കോട് : ക്ഷേത്ര കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വാഹന മോഷണത്തിൽ അറസ്റ്റിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറ്റിക്കാട്ടൂർ കീഴ്‌മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫിനെയാണ് (19) ടൗൺ അസി.കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇൻസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും പിടികൂടിയത്. കഴിഞ്ഞ മാസം മൂന്നിന് പുലർച്ചെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ടിരുന്ന ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും മോഷ്ടിച്ചത്. പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തെ പിടിയിലായിരുന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ സിറ്റി ക്രൈം സ്‌ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് പ്രതി അയൽ ജില്ലകളിൽ രഹസ്യമായി താമസിക്കുകയായിരുന്നു. കോഴിക്കോട് സിറ്റിയിൽ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്‌ക്വാഡ് പാളയം മാർക്കറ്റ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. കസബ സബ് ഇൻസ്‌പെക്ടർ എം.കെ.റസാഖ് പ്രതിയെ അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, കസബ പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഓ രജീഷ് അന്നശ്ശേരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.