തഴവയിൽ കോടതി സമുച്ചയം വന്നില്ല വസ്തുവും വരുമാനവും നഷ്ടം

Sunday 22 January 2023 12:11 AM IST
തഴവ ചിറ്റുമൂല സ്റ്റേഡിയം ഗ്രൗണ്ട്.

തഴവ: തഴവ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ചിറ്റുമൂല സ്റ്റേഡിയം ഗ്രൗണ്ട് തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമായി. പുതിയകാവ് - ചക്കുവള്ളി റോഡിൽ ചിറ്റുമൂല റേയിൽവേ ജംഗ്ഷന് പടിഞ്ഞാറ് വശം 95 സെന്റ് ഭൂമിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇത് കരുനാഗപ്പള്ളിയിൽ കോടതി സമുച്ചയം നിർമ്മിക്കാനായി സൗജന്യമായി വിട്ടു നൽകുവാൻ 2017 ആഗസ്റ്റിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സബ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കോടതി സമുച്ചയത്തിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്യുകയും റിപ്പോർട്ടിനെ തുടർന്ന് കരുനാഗപ്പള്ളി തഹസീൽദാർ ഗസറ്റഡ് നോട്ടിഫിക്കേഷൻ നൽകി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സ്ഥല വിസ്തൃതി അൻപത് സെന്റിന് മുകളിലുള്ളതിനാൽ റവന്യൂ വകുപ്പ് നേരിട്ടാണ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. എന്നാൽ നടപടികൾ പൂർത്തിയായി അഞ്ച് വർഷം പിന്നിടുമ്പോഴും കോടതി സമുച്ചയത്തിന്റെ കാര്യത്തിൽ ഇപ്പോഴും ഗുരുതരമായ അനിശ്ചിതത്വം തുടരുകയാണ്.

സ്വകാര്യ ബസ് സ്റ്റേഷൻ ഗ്രൗണ്ടിൽ

ദേശീയപാത വികസനത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ ഇവിടെ നിന്ന് കോടതിയുടെ പ്രവ‌ർത്തനം ഒരു സ്വകാര്യ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടാതെ കരുനാഗപ്പള്ളി സ്വകാര്യ ബസ് സ്റ്റേഷൻ ഗ്രൗണ്ടിനോട് ചേർന്ന് പുതിയ കോടതി സമുച്ചയം നിർമ്മിക്കുവാൻ നഗരസഭ നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ കോടതി സമുച്ചയം ചിറ്റുമൂലയിൽ വരില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പായി.

സ്റ്റേഡിയം നിർമ്മിക്കണം

കോടിക്കണക്കിന് രൂപ വിലവരുന്ന തഴവയിലെ ഭൂമിക്ക് അഞ്ഞൂറ് രൂപയായിരുന്നു വാടക ഇനത്തിൽ പഞ്ചായത്തിന് പ്രതിദിനം ലഭിച്ചിരുന്ന കുറഞ്ഞ വരുമാനം. പ്രദേശത്തിന്റെ പൊതു വികസനം ലക്ഷ്യമാക്കി ഭൂമി വിട്ടു നൽകിയ പഞ്ചായത്തിന് കോടതി സമുച്ചയം ലഭിച്ചില്ല എന്നു മാത്രമല്ല ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഭൂമിയും നഷ്ടപ്പെട്ട സ്ഥിതിയാണ്. സ്വകാര്യ മേഖലയിൽ പോലും സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഭൂമി തിരിച്ച് പിടിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.