@ അഖില കേരള വായനോത്സവത്തിന് തുടക്കം നിശബ്ദ വായനയേക്കാൾ ഹൃദ്യം ഉച്ചത്തിലുള്ള വായന: മന്ത്രി ശശീന്ദ്രൻ

Sunday 22 January 2023 12:18 AM IST
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള വായനോത്സവം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി : നിശബ്ദ വായനയേക്കാൾ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെയും മുതിർന്നവർക്കായുള്ള വായനാ മത്സരത്തിന്റെയും ഉദ്ഘാടനം ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. കൗൺസിൽ ജോ.സെക്രട്ടറി മനയത്ത് ചന്ദ്രൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ചന്ദ്രൻ, എം.കെ.രമേഷ് കുമാർ, എസ്. നാസർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.മധു സ്വാഗതവും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ നന്ദിയും പറഞ്ഞു.

ഹൈസ്‌കൂൾ, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ,16 വയസു മുതൽ 25 വയസുവരെയുള്ളവർ, 25 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി 42 പേരാണ് വായനാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് പരിപാടിയുടെ ഭാഗമായി നടന്നു. ഇന്ന് രാവിലെ സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, പി.കെ. ഗോപി, ബി.എം. സുഹറ എന്നിവരുമായി മത്സരാർത്ഥികളുടെ സർഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കും. സമാപന സമ്മേളനം സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement