ചരിത്രത്തെ വളച്ചൊടിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം: ടി.പത്മനാഭൻ

Sunday 22 January 2023 12:36 AM IST

തൃശൂർ: ഗുരുവായൂർ സത്യഗ്രഹത്തിലെ പോരാളി കെ.കേളപ്പനെ ഒഴിവാക്കി എ.കെ.ജിയുടെ സ്മാരക കവാടമാണ് സ്ഥാപിച്ചതെന്നും ചരിത്രത്തെ മാറ്റിയെഴുതി വളച്ചൊടിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കഥാകൃത്ത് ടി.പത്മനാഭൻ. ഡി.സി.സിയിൽ ഗാന്ധി-നെഹ്രു കൾച്ചറൽ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം കെ.കേളപ്പനെയും മൊയ്തുമൗലവിയെയും നേതൃനിരയിൽ കാണാത്തതിനെ തുടർന്നാണ് താൻ സജീവ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നെ ഖദറിലും മനസിലും മാത്രമായി കോൺഗ്രസ്. ലോകത്തെ എല്ലാ വൻകരകളിലും ഖദറും മുണ്ടും ധരിച്ച് യാത്ര ചെയ്തു.

ലൈബ്രറി എന്നാൽ കെട്ടിടമോ പുസ്തകമോ അല്ല. അത് വായിക്കുന്ന ജനം കൂടി ചേരുന്നതാണ്. പുസ്തകം വെറുതെ വച്ചാൽ പോരാ. കോൺഗ്രസുകാർ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ.പ്രതാപൻ എം.പിയും തേറമ്പിൽ രാമകൃഷ്ണനും ചേർന്ന് ഡി.സി.സിയുടെ ഉപഹാരം ടി.പത്മനാഭന് നൽകി. പി.വി.കൃഷ്ണൻ നായർ, എൻ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement