രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

Sunday 22 January 2023 12:40 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയംഗം ഷൈൻ ലാലിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ്.ഷാലിമാറിനെയും സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിനിടെ അഖിലേന്ത്യാ സെക്രട്ടറി പുഷ്‌പലതയോട് തട്ടിക്കയറിയതിനാണ് നടപടിയെന്ന് നേതൃത്വം അറിയിച്ചു. അതേസമയം, പാലക്കാട്ട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ എടുത്ത അച്ചടക്കനടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് യോഗത്തിലുണ്ടായ തർക്കമാണ് സസ്‌പെൻഷനിൽ കലാശിച്ചതെന്നാണ് വിവരം. സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായിരുന്ന എൻ.എസ്.നുസൂറിനെയും എം.എസ്.ബാലുവിനെയും തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അഖിലേന്ത്യാ നേതൃത്വം തിരിച്ചെടുക്കാനുള്ള കത്ത് നൽകിയിട്ടും സംസ്ഥാന നേതൃത്വം കത്ത് പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും ആരോപിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനെയും ഇവർ വിമർശിച്ചിരുന്നു. അതേസമയം, പാർട്ടി വേദിയിൽ അഭിപ്രായം പറഞ്ഞതിന് നേതാക്കളെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ സംഘടനയിൽ അമർഷം പുകയുകയാണ്.