യു.എൻ.ഡബ്ല്യു.ടി.ഒയുടെ പരിപാടിക്ക് ആതിഥേയത്വം വഹിക്കാമെന്ന് കേരളം
തിരുവനന്തപുരം: വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) സുപ്രധാന ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ താത്പര്യമുണ്ടെന്ന് കേരളം. സ്‌പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിന്റെ 43-ാം പതിപ്പിൽ യു.എൻ.ഡബ്ല്യു.ടി.ഒ ഏഷ്യൻ ആൻഡ് പസഫിക് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഹാരി ഹ്വാങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള ചർച്ചയിലാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം മുന്നോട്ടുവച്ചത്. കേരളത്തിൽ നടക്കാനിരിക്കുന്ന ഉത്തരവാദിത്ത ടൂറിസം ആഗോള ഉച്ചകോടിക്കായി യു.എൻ.ഡബ്ല്യു.ടി.ഒ സംഘത്തെ ക്ഷണിച്ചതിനു പുറമേ 2024ൽ സംഘടനയുടെ ജനറൽ ബോഡി/എക്‌സിക്യൂട്ടീവ് കമ്മിറ്റി കേരളത്തിൽ സംഘടിപ്പിക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി നിർദ്ദേശിച്ചു. കേരള ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ചർച്ചയിൽ പങ്കെടുത്തു. സി.ജി.എച്ച് എർത്ത്, അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്, സോമതീരം ആയുർവേദ ഗ്രൂപ്പ്, ട്രാവൽ കോർപ്പറേഷൻ (ഇന്ത്യ) എന്നിവരാണ് മേളയിൽ കേരള ടൂറിസത്തിന്റെ ട്രേഡ് പാർട്ണർമാർ.