മെഡിക്കൽ ഗവേഷണത്തിന് പുരസ്‌കാരം നൽകും

Sunday 22 January 2023 1:03 AM IST

ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇയിൽ ഓഫീസ് സംവിധാനം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം ഏർപ്പെടുത്തി. മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡ് ഒഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വീതം ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ കോളേജുകളെ സെന്റർ ഒഫ് എക്സലൻസ് ആക്കുന്നതിനും മെഡിക്കൽ കോളേജുകളുടെ റേറ്റിംഗ് ഉയർത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസ് നടത്താനും മന്ത്രി നിർദ്ദേശം നൽകി.