കൊല്ലത്ത് 2.50 കോടിയുടെ വനിത സ്‌പോർട്‌സ്‌ ഹോസ്റ്റൽ

Sunday 22 January 2023 1:09 AM IST

കൊല്ലം: ജില്ലാ സ്പോർട്സ് അക്കാഡമിയുടെ കീഴിൽ കൊല്ലത്ത് 2.50 കോടി രൂപ ചെലവിൽ പുതിയ വനിത ഹോസ്റ്റൽ സ്ഥാപിക്കാൻ സർക്കാരിന്റെ ഭരണാനുമതി. നൂറോളം കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കാനാകും.

ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തോട് ചേർന്നാവും ബഹുനില ഹോസ്റ്റൽ ഉയരുക. 1.68 കോടി രൂപയാണ് കെട്ടിടത്തിനായി ചെലവഴിക്കുക. വൈദ്യുതീകരണ ജോലികൾക്ക് 25 ലക്ഷം രൂപയും ഇന്റർലോക്ക് ചെയ്യാൻ 5 ലക്ഷം രൂപയും ചെലവിടും. ഡോർമെറ്ററി, സ്റ്റഡി റൂം, കിച്ചൺ, റിക്രിയേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാവും.

ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനടുത്താണ് ജില്ലാ സ്പോർട്സ് അക്കാഡമി ഓഫീസ്. അക്കാഡമിയിൽ ഇപ്പോൾ 60 കുട്ടികളുണ്ട്. പരിമിതമായ സാഹചര്യത്തിലാണ് ഇവർ കഴിയുന്നത്.

ഹോക്കി സ്റ്റേഡിയത്തോട് ചേർന്ന് നിലവിൽ മുപ്പതോളം കുട്ടികൾ താമസിക്കുന്ന പ്രീഫാബ് യൂണിറ്റുണ്ട്. ഇവിടെയാണ് പുതിയ ഹോസ്റ്റൽ നിർമ്മിക്കുക. നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. അടുത്തയാഴ്ച കൊല്ലത്തെത്തുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസി‍ഡന്റ് മേഴ്സിക്കുട്ടനുമായി കൂടിയാലോചിച്ച് ഹോസ്റ്റലിന്റെ വിശദ രൂപരേഖ തയ്യാറാക്കും.