പുനലൂരിൽ വർണാഭമായ റിപ്പബ്ലിക് ദിനാഘോഷം

Sunday 22 January 2023 2:03 AM IST

പുനലൂർ: താലൂക്ക് റിപ്പബ്ളിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ 9ന് പുനലൂരിൽ വർണാഭമായ ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. എൻ.സി.സി, എസ്.പി.സി, ചെണ്ടമേളം, മുത്തുക്കുട,ബാൻഡ് മേളം,ശിങ്കാരിമേളം, തെയ്യം, മയിലാട്ടം,പൂക്കാവടി,കുതിര, കളരിപ്പയറ്റ്, ഗ്രാമീണ കലാരൂപങ്ങൾ,ഫ്ലോട്ടുകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കുമെന്ന് തഹസിൽദാർ(എൽ.ആർ) സന്തോഷ്കുമാർ, ജനറൽ കൺവീനർ വി.വിഷ്ണുദേവ്, സലീം പുനലൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുനലൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയുടെ ഭാഗമായി രാവിലെ 8.30ന് പി.എസ്.സുപാൽ എം.എൽ.എ പതാക ഉയർത്തും. ടൗൺ ചുറ്റിയ ശേഷം 11ന് പുനലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഘോഷയാത്ര സമാപിക്കും. പ്രച്ഛന്നവേഷ മത്സരത്തിന് ശേഷം 11.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം നഗരസഭ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാനും തഹസിൽദാരുമായ കെ.എസ്.നസിയ അദ്ധ്യക്ഷത വഹിക്കും. മുൻ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ്, സ്കൂൾ പ്രിൻസിപ്പൽ പി.ജയഹരി തുടങ്ങിയവർ സംസാരിക്കും. പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ സമ്മാനദാനവും ജനറൽ കൺവീനർ വി.വിഷ്ണുദേവ് സ്വാഗതവും തഹസിൽദാർ സന്തോഷ്കുമാർ നന്ദിയും പറയും. ആഘോഷ കമ്മിറ്റി ഭാരവാഹികളായ കലയനാട് ബാനർജി,ബിജുകുമാർ,വിജയൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.