കിവികളെ എറിഞ്ഞു വീഴ്ത്തി പരമ്പര നേടി ഇന്ത്യ

Sunday 22 January 2023 3:19 AM IST

ന്യൂസിലൻഡിനെതരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്,

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ജയം

റായ്പൂ‌ർ: രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഒരു കളി ശേഷിക്കെ ന്യൂസലൻഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ പടയോട്ടം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗള‌ർമാർ 34.3 ഓവറിൽ 108റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടൻ രോഹിത് ശർ‌മ്മ (50) അർദ്ധ സെഞ്ച്വറിയുമായി ചേസിംഗിൽ മുന്നിൽ നിന്ന് നയിച്ചു. മുഹമ്മദ് ഷമിയാണ് മാൻ ഓഫ് ദ മാച്ച്. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം നേടിയിരുന്നു.

വീറുള്ള ഏറ്

റായ്പൂരിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഒന്ന് അമാന്തിച്ചെങ്കിലും ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുകയായിയിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് ന്യൂസിലൻഡ് അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ ഫിൻ അലന്റെ കുറ്രി തെറിപ്പിച്ച് മുഹമ്മദ് ഷമി ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് പ്രതിരോധിച്ച് മുന്നോട്ട് പോകാമെന്ന കിവികളുടെ പ്രതീക്ഷകൾ തകർത്ത് ആറാമത്തെ ഓവറിലെ മൂന്നാം പന്തൽ ഹെൻറി നിക്കോളാസിനെ സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്റെ കൈയിൽ എത്തിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 8 റൺസ് മാത്രമേ അപ്പോൾ കിവീസിനുണ്ടായിരുന്നുള്ളൂ. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഷമി ഹെൻറി നിക്കോളാസിനെ (2) സ്വന്തം ബൗളിംഗിൽ പിടികൂടി.ഡെവോൺ കോൺവേയ്ക്ക് (7) ഹാർദിക് റിട്ടേൺ ക്യാച്ചിലൂടെ മടക്കടിക്കറ്റ് നൽകി. പിന്നാലെ ക്യാപ്ടൻ ടോം ലതാം (1) ഷർദുലിന്റെ പന്തിൽ ഗില്ലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 10.3 ഓവറിൽ 15/5 എന്ന അതിദയനീയ സ്ഥിതിയിലായി ന്യൂസിലൻഡ്. പിന്നീട് ആറാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പ് (32) ബ്രെയ്‌സ്‌വെല്ലിനൊപ്പം (22) ചേർന്ന് പടുത്തുയർത്തിയ 41 റൺസിന്റെയും ഏഴാം വിക്കറ്റിൽ സാന്റ്‌നറിനൊപ്പം (27) ഉണ്ടാക്കിയ 47 റൺസിന്റെയും കൂട്ടുകെട്ടുകളാണ് ന്യൂസിലൻഡിനെ വൻനാണക്കേടിൽ നിന്ന് രക്ഷിച്ച് 108 വരെയെത്തിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി ആറോവറിൽ 18 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ടും സിറാജ്, കുൽദീപ്, ഷർദുൽ എന്നിവർ ഓരോവിക്കറ്റ് വീതവും നേടി. സിറാജ് ആറ് ഓവറിൽ വഴങ്ങിയത് 10 റൺസ് മാത്രം.

അനായാസം

ചെറിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും (51)​,​ ഗില്ലും (പുറത്താകാതെ 40)​ നല്ല തുടക്കം നൽകി വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറിൽ രോഹിതിനെ ഷിപ്ലെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയതീരത്തിനടുത്തെത്തിയിരുന്നു. രോഹിത് ഏഴ് ഫോറും രണ്ട് സിക്സും നേടി. വിരാട് കൊഹ‌ലിയെ (11)​ സാന്റ്നർ പുറത്താക്കിയെങ്കിലും പകരമെത്തിയ ഇഷാൻ കിഷനൊപ്പം (8)​ ഗിൽ ഇന്ത്യയുടെ വിജയമുറപ്പിച്ചു.