നയപ്രഖ്യാപനം മയപ്പെടുത്തൽ ഒത്തുതീർപ്പ് : വി.ഡി. സതീശൻ

Monday 23 January 2023 12:12 AM IST

കൊച്ചി: സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയ നയപ്രഖ്യാപന പ്രസംഗം ഗവർണർക്ക് നൽകിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഗവർണറും സർക്കാരും തമ്മിൽ പോരടിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്. പദ്ധതികൾ നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുർചെലവുകൾ വർദ്ധിച്ചും ഖജനാവ് കാലിയായി. വികസനപ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായി. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി വേണ്ടെന്ന് തീരുമാനിച്ചു. കേരളത്തിൽ ജപ്തി നോട്ടീസുകൾ പ്രവഹിക്കുകയാണ്. ഭക്ഷ്യ സുരക്ഷാവകുപ്പ് തകർന്നു തരിപ്പണമായി. വനാതിർത്തികളിൽ ജീവിക്കുന്നവർ പ്രതിസന്ധിയിലായിട്ടും സർക്കാർ കൈയുംകെട്ടി ഇരിക്കുകയാണ്. ഇക്കാര്യങ്ങളും ബഫർ സോൺ, തീരദേശ മേഖകളിലെ വിഷയങ്ങൾ, കാർഷിക മേഖലയിലെ പ്രതിസന്ധികൾ എന്നിവയും നിയമസഭയിൽ ഉന്നയിക്കും.

രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് പ്രതിപക്ഷം പ്രാധാന്യം നൽകുന്നത്. വിമർശനങ്ങൾ മാത്രമല്ല, ബദൽ നിർദ്ദേശങ്ങളും പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സതീശൻ പറഞ്ഞു.