വനിതാ ശിശുവികസന വകുപ്പിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി ആന്റണി രാജു

Monday 23 January 2023 1:25 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകാപരമായ പ്രവർത്തനം നടത്തുന്നുവെന്ന് മന്ത്രി ആന്റണി രാജു. വഴുതയ്ക്കാട് ഗവ. വിമെൻസ് കോളേജിൽ സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച 'വർണച്ചിറകുകൾ" ചിൽഡ്രൻസ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികൾക്കായി സമഗ്ര വികസനം ലക്ഷ്യമാക്കി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വനിത ശിശുവികസന വകുപ്പ് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. എൻ.സുനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക, ജില്ലാ വികസന കമ്മിഷണർ അനുകുമാരി, നടൻ പ്രൊഫ. അലിയാർ, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപകയും സാമൂഹ്യ പ്രവർത്തകയുമായ ടിഫാനി ബ്രാർ, കവികളായ വിനോദ് വൈെശാഖി, സുമേഷ് കൃഷ്ണ, ഗായകൻ യദുകൃഷ്ണൻ, ഗവ. വിമെൻസ് കോളേജ് പ്രിൻസിപ്പൽ ചാന്ദിനി സാം തുടങ്ങിയവർ പങ്കെടുത്തു.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ ഗവ. ചിൽഡ്രൻസ് ഹോമിന് ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ 192 ഉം പെൺകുട്ടികളുടെ വിഭാഗത്തിൽ 196 പോയിന്റുമാണ് കണ്ണൂർ നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 130 പോയിന്റോടെ മലപ്പുറം ഗവ. ചിൽഡ്രൻസ് ഹോമും പെൺകുട്ടികളുടെ വിഭാഗത്തിൽ 162 പോയിന്റോടെ ആലപ്പുഴ ഗവ. ചിൽഡ്രൻസ് ഹോമും രണ്ടാം സ്ഥാനത്തെത്തി.

Advertisement
Advertisement