ആരോഗ്യവകുപ്പിലെ താക്കോൽ സ്ഥാനങ്ങൾ : എം.ബി.ബി.എസുകാരെ ഒഴിവാക്കാൻ നീക്കം

Monday 23 January 2023 1:33 AM IST

 മറയാക്കുന്നത് പബ്ലിക് ഹെൽത്ത് കേഡറിനെ

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ഡയറക്ടർ, 14 അഡിഷണൽ ഡയറക്ടർ, 14 ജില്ലാ മെഡിക്കൽ ഓഫീസർ തസ്തികകളിലെ നിയമനത്തിൽ സീനിയോരിറ്റിയും അർഹതയുമുള്ള എം.ബി.ബി.എസുകാരെ ഒഴിവാക്കാൻ അണിയറ നീക്കം .പബ്ലിക്ക് ഹെൽത്ത് കേഡറിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ മൂന്ന് അഡീഷണൽ ഡയറക്ടർ തസ്തികകളും ജില്ലാ മെഡിക്കൽ ഓഫീസുകളിലെ ഒരു അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ തസ്തികയും സൃഷ്ടിക്കുന്നതിന്റെ മറവിലാണ് ചരടുവലി.

കേന്ദ്ര നിർദ്ദേശ പ്രകാരം പബ്ലിക്ക് ഹെൽത്ത് കേഡർ സജ്ജമാക്കേണ്ടത് സീനിയോരിറ്റിയുള്ള എം.ബി.ബി.എസ്

ഡോക്ടർമാർക്ക് പുറമെ കമ്മ്യൂണിറ്റി മെഡിസിൻ എം.ഡി, എം.പി.എച്ച് (മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്) ഡി.പി.എച്ച് (ഡിപ്ലോമ ഇൻ പബ്ലിക്ക് ഹെൽത്ത്) എന്നീ കോഴ്സുകൾ പാസായവരെയും ഉൾപ്പെടുത്തിയാണ് . എന്നാൽ, സംസ്ഥാനത്ത് ഈ കേഡർ രൂപീകരണം സംബന്ധിച്ച ചർച്ചകളിൽ നിന്ന് എം.ബി.ബി.എസ്

ഡോക്ടർമാരെ ഒഴിവാക്കുന്നുവെന്നാണ് പരാതി. കമ്മ്യൂണിറ്റി മെഡിസിൻ എം.ഡി,എം.പി. എച്ച്,ഡി.പി.എച്ച് ഡിപ്ലോമ കോഴ്സുകൾ പാസായവരെ മാത്രം ഈ തസ്തികകളിൽ നിയമിക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കാനുള്ള നീക്കത്തിലാണ്.

ആശുപത്രികളിൽ വേണ്ടത്ര പ്രവൃത്തി പരിചയമില്ലാതെ, ഉയർന്ന കോഴ്സുകൾ പാസായവർ സീനിയർ എം.ബി.ബി.എസ് ഡോക്ടർമാരുടെ തലപ്പത്തെത്തുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ആക്ഷേപം. നിലവിൽ 30 വർഷം സർവീസുള്ള ഡോക്ടർമാരുടെ സർവീസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് 10 വർഷം പോലും സർവീസില്ലാത്തവരാണ്..

Advertisement
Advertisement