എറണാകുളത്ത് നോറോ വൈറസ് ബാധ, സ്ഥിരീകരിച്ചത് സ്കൂൾ കുട്ടികളിൽ; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

Monday 23 January 2023 2:11 PM IST

കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

രോഗവ്യാപനം തടയുന്നതിനായി സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

എന്താണ് നോറോ വൈറസ്?

ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ട്. മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടരുന്നത്.