ബംഗളൂരു വ്യാപാരമേളയിൽ പൊക്കാളി താരമായി​

Tuesday 24 January 2023 3:20 AM IST

കൊച്ചി​: ബംഗളൂരുവി​ൽ നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റ്സ്‌ ആൻഡ് ഓർഗാനിക്സിൽ വൈപ്പിനിലെ പൊക്കാളി നെൽക്കൃഷിയും നെല്ലുത്പന്നങ്ങളും ശ്രദ്ധാകേന്ദ്രമായി​. അന്യസംസ്ഥാനക്കാരായ കർഷകരും ഗവേഷകരും കൃഷി​ വി​ദ്യാർത്ഥി​കളും കൃഷി​വകുപ്പി​ന്റെ ഈ സ്റ്റാളി​ൽ അന്വേഷണങ്ങളുമായി തിക്കിത്തിരക്കി. സാമ്പി​ൾ ആയി​ എത്തി​ച്ചി​രുന്ന പൊക്കാളി​ അരി​യും അവി​ലും അവുലോസുണ്ടയും മറ്റും ആദ്യദി​നം തന്നെ വി​റ്റുതീർന്നു.

4-5 അടി​ താഴ്ചയുള്ള ഓരുജലത്തി​ൽ വളവും കീടനാശി​നി​കളുമി​ല്ലാതെ വി​ളയുന്ന, അതേനി​ലത്തി​ൽ മത്സ്യകൃഷി​യും ചെയ്യുന്ന രീതി​യെക്കുറി​ച്ച് കൂടുതൽ അറി​യാനുള്ള ആകാംക്ഷയായി​രുന്നു സന്ദർശകർക്കെല്ലാം.

സംസ്ഥാന കാർഷി​കവകുപ്പി​ന്റെ പവലി​യനി​ൽ അതി​രപ്പിള്ളി​യി​ലെയും അട്ടപ്പാടി​യി​ലെയും ആദി​വാസി​കളുടെ ഉത്പന്നങ്ങളും കൊടുമൺ​, ഹരി​പ്പാട് നെല്ലി​നങ്ങളും പ്രദർശി​പ്പി​ച്ചി​രുന്നു.

നായരമ്പലം കൃഷിഭവന്റെ വൈപ്പിൻ ഓർഗാനിക് എന്ന ബ്രാൻഡ് പൊക്കാളി അരി, പൊക്കാളി അവൽ, പൊക്കാളി പച്ചരി, എടവനക്കാട് കൃഷിഭവന്റെ വൈപ്പിൻ രുചി പൊക്കാളി പുട്ടുപൊടി, പുഴുക്കലരി, പള്ളിപ്പുറം കൃഷിഭവന്റെ പൊക്കാളി അരി എന്നിവയാണ് ഞാറക്കൽ ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി.സൂസമ്മയുടെ നേതൃത്വത്തിലുള്ള സംഘം എത്തി​ച്ചി​രുന്നത്. പൊക്കാളി​പ്പാടത്ത് വളർത്തി​യ ചെമ്മീൻ ഉത്പന്നങ്ങളും സന്ദർശകരെ ആകർഷി​ച്ചു.

ഒട്ടനവധി പ്രത്യേകതകളുള്ള, ഭൗമസൂചിക പദവിയുള്ള, ഔഷധ ഗുണമുള്ള പൊക്കാളി അരിയെ ദേശീയ, അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താനുള്ള മി​കച്ച അവസരമാണ് കേരളത്തി​ന് ലഭി​ച്ചത്. ജൈവമായല്ലാതെ കൃഷി​ ചെയ്യാൻ സാധി​ക്കാത്ത പൊക്കാളി​ കൃഷി​യുടെ വിശേഷങ്ങൾ അറി​യാൻ തമി​ഴ്നാട്ടി​ലെയും ആന്ധ്രയി​ലെയും കർണാടകയി​ലെയും മഹാരാഷ്ട്രയി​ലെയും മറ്റും കർഷകർ നി​രന്തരം സ്റ്റാളുകളി​ൽ എത്തുകയായി​രുന്നെന്ന് പി​.വി​.സൂസമ്മ പറഞ്ഞു. ഞാറയ്ക്കൽ ബ്ളോക്കി​ൽ നി​ന്നുള്ള നാലംഗ സംഘമാണ് ബംഗളരൂവി​ൽ എത്തി​യത്.

ജനുവരി 20ന് ആരംഭി​ച്ച വ്യാപാരമേള ഇന്നലെ സമാപി​ച്ചു. അന്യസംസ്ഥാനങ്ങളി​ൽ നി​ന്ന് വ്യാപാര അന്വേഷണങ്ങളും പൊക്കാളി​ ഉത്പന്നങ്ങൾക്ക് ലഭി​ച്ചു. വി​ദേശ പ്രതി​നി​ധി​കളും പൊക്കാളി​ സ്റ്റാളുകൾ സന്ദർശി​ച്ചു. കേരള കൃഷി​മന്ത്രി​ പി.പ്രസാദും കേരള പവലി​യനി​ൽ എത്തി​.

Advertisement
Advertisement