വെറും 15 മിനുട്ട് ഇടവേളയിൽ ആനവണ്ടികൾ നിങ്ങളെ മെട്രോ സ്‌റ്റേഷനിലെത്തിക്കും; പുലർച്ചെ മുതൽ രാത്രി വരെ മെട്രോഫീഡർ സർവീസുമായി കെഎസ്‌ആർടിസി

Monday 23 January 2023 7:26 PM IST

കൊച്ചി: നേരിട്ട് മെട്രോ സർവീസ് ഇല്ലാത്തയിടങ്ങളിൽ നിന്നുപോലും കൊച്ചിയിൽ ജനങ്ങൾക്ക് ഇനി മെട്രോ സ്‌റ്റേഷനിലെത്താം. 15 മിനിട്ട് ഇടവേളയിൽ മെട്രോ ഫീഡർ സർവീസുമായി കെഎസ്‌ആർടിസി.മെട്രോ സർവീസില്ലാത്തയിടത്ത് കുറഞ്ഞ ദൂരത്തിൽ മെട്രോ സ്‌റ്റേഷനിലെത്തിക്കാൻ ഉദ്ദേശിച്ചുള‌ളതാണ് ഫീഡർ സർവീസ്.

കൊച്ചിയിൽ നേവൽ ബേസ്, മേനക, ഷിപ്പ് യാർഡ്, ഹൈക്കോടതി ഇങ്ങനെ പ്രധാന സ്ഥലങ്ങളെയൊക്കെ ബന്ധിപ്പിച്ച് സർവീസുണ്ടാകും. മഹാരാജാസ്, എം.ജി റോഡ് മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചാകും ബസുകൾ.പുലർച്ചെ 6.30 മുതൽ രാത്രി 7 വരെ സമയം 15 മിനുട്ട് ഇടവേളയിലാകും ബസ് സ‌ർവീസെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കെഎസ്‌ആർടിസി അറിയിച്ചു.

കെഎസ്‌ആർ‌ടിസി ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്
തുടക്കമായി....
15 മിനിട്ട് ഇടവേളകളിൽ കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചു കൊണ്ടാണ്
ഫീഡർ സർവ്വീസ് ആരംഭിച്ചിട്ടുള്ളത്.
കൊച്ചി മെട്രോയെ ആശ്രയിക്കുന്ന
യാത്രക്കാരുടെ സൗകര്യാർത്ഥം
കുറഞ്ഞ ദൂരത്തിൽ മെട്രോ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും കണ്ര്രകിവിറ്റി സർവീസായി യാത്രക്കാരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ദൗത്യമാണ് ഫീഡർ സർവ്വീസുകൾക്കുള്ളത്.
ബഹു:ഗതാഗത വകുപ്പ് മന്ത്രിയുടെയും ബഹു: ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെയും നിർദ്ദേശപ്രകാരമാണ്
സർവ്വീസ് ആരംഭിച്ചിട്ടുള്ളത്.
നേവൽ ബേസ്, ഷിപ്പ് യാർഡ്, ഹൈക്കോർട്ട്, മേനക തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടും, മഹാരാജാസ്, എം.ജി.റോഡ് എന്നീ പ്രധാനപ്പെട്ട മെട്രോ സ്‌റ്റേഷനുകളെ
ബന്ധിപ്പിച്ചു കൊണ്ടുമാണ്
നിലവിൽ സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
06:30 എഎം മുതൽ 15 മിനിട്ട് ഇടവേളകളിൽ രാത്രി 07:00 മണി വരെ തുടർച്ചയായ സമയക്രമമാണ് കൊച്ചി മെട്രോ ഫീഡർ സർവ്വീസിന് നൽകിയിട്ടുള്ളത്.

Advertisement
Advertisement