ബൈക്ക് അപകടത്തിൽപെട്ട് ചികിത്സയ്‌ക്കെത്തിയ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചെന്ന് പരാതി

Monday 23 January 2023 8:46 PM IST
  • ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

പുത്തൂർ: ബൈക്ക് അപകടത്തിൽപെട്ട് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. വല്ലൂർ ആദിവാസി കോളനിയിലെ മൂപ്പൻ രമേഷ്, മകൻ വൈഷ്ണവ് എന്നിവർക്ക് സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുത്തൂർ കുരിശു മൂലയിൽ ഇവർ സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. തുടർന്ന് ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

ചികിത്സ നിഷേധിച്ചതിന്റെ പേരിൽ ആശുപത്രി അധികൃതരുമായി തർക്കമുണ്ടായതായും പറയുന്നു. ചികിത്സ നിഷേധിച്ചെന്ന കാര്യം അറിയിക്കാൻ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിലെത്തി ചികിത്സ നേടാനായിരുന്നു ഉപദേശം. തുടർന്ന് വേലുപ്പാടം ആശുപത്രിയിൽ ചികിത്സ തേടി. ട്രൈബൽ ഓഫീസർക്ക് പരാതി കൊടുത്തിട്ടുണ്ട്. ജീവനക്കാരുടെ അഭാവത്തിൽ മരുന്ന് വിതരണം പലപ്പോഴും മുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാരും ആരോപണം ഉന്നയിക്കുന്നുണ്ട്.

മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയില്ലെന്ന ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

ഒ.പിയിൽ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ

രമേഷും മകനും ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് എത്തിയതെന്നും ആ സമയം ഒ.പിയിൽ ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. ഗിരീഷ്. ജീവനക്കാരുമായി തർക്കം കേട്ട് ഓടിയെത്തിയ തന്നെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചതായും ഡോക്ടർ പറയുന്നു.