വ്യാജ വിദേശമദ്യശേഖരം പിടികൂടിയ കേസിലെ പ്രതി കീഴടങ്ങി

Tuesday 24 January 2023 12:15 AM IST
ജിന്റോ

പറവൂർ: സർക്കാർമുദ്ര അനധികൃതമായി നിർമ്മിച്ച് വാടകവീട്ടിൽ വ്യാജ വിദേശമദ്യം ഉണ്ടാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന വാവക്കാട് പുതിയവീട്ടിൽ ജിന്റോ (34) പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെത്തി കീഴടങ്ങി. ഒക്ടോബർ 13ന് മൂത്തകുന്നം തറയിൽ കവലയിലെ ജിന്റോയുടെ വാടകവീട്ടിൽനിന്ന് 500 കുപ്പികളിലായി രണ്ട് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള 250 ലിറ്റർ വ്യാജമദ്യശേഖരം എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്ത്. അന്ന് ഒളിവിൽ പോയ ഇയാൾ ഹൈക്കോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് വാങ്ങിയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം ഹൈക്കോടതി ഇയാളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.