പത്തനംതിട്ടയിലെ തീപിടിത്തം : നഗരസഭാ അധികൃതർ പരിശോധന നടത്തി

Tuesday 24 January 2023 12:50 AM IST
നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാൽ അഡ്വ. ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധന

പത്തനംതിട്ട : നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞദിവസം നഗരത്തിൽ തീപിടിത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയും കടകൾക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വൻ ദുരന്തം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകൾ, ബോർഡുകൾ ഉൾപ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭാ ഓഫീസ് മുതൽ സെൻട്രൽ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ട പരിശോധന നടത്തി. മുൻകൂർ നോട്ടീസ് നൽകിയിട്ടും നിയമ ലംഘനം തുടർന്ന സ്ഥാപനങ്ങളിൽ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് ഉടൻ നോട്ടീസ് നൽകും. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറി അലക്‌സ്, കെ.ആർ. അജിത്കുമാർ, ഇന്ദിരാ മണിയമ്മ, എസ്.ഷമീർ , ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ.അനീഷ്, കൗൺസിലർമാരായ എ.അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെർല ബീഗം, എൻജിനീയർ ജെ.സുധീർരാജ് , റവന്യൂ ഓഫീസർ അജിത് കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.പി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement