സബ്‌സിഡിയില്ലാത്ത ഉത്പന്നങ്ങൾ : സപ്ലൈകോയ്ക്ക് 665.72കോടി രൂപയുടെ വില്പന

Tuesday 24 January 2023 1:14 PM IST

കൊച്ചി: 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്‌സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി അറിയിച്ചു. സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ടുവാങ്ങി കുറഞ്ഞ മാർജിനിൽ വില്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്‌സിഡി വിഭാഗത്തിലുള്ളത്.

ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് ഇനത്തിൽ വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉത്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്. സബ്‌സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉത്പന്നങ്ങളായ സബ്‌സിഡിയിതര വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പനയാണിത്.

3316 ടൺ ശബരി തേയിലയുടെ വില്പനയും ഇക്കാലയളവിൽ നടന്നു.

ശബരി തേയില വില്പനയിൽ സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി ചെയർമാൻ പറഞ്ഞു.

100 കോടി രൂപയുടെ മരുന്നു വില്പനയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ൽ വിതരണം ചെയ്തത്.