സൈബർ തട്ടിപ്പുകൾ കൂടുന്നു; ലക്ഷ്യം മലയാളികൾ

Tuesday 24 January 2023 12:53 AM IST
കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയ സ്വദേശി അക്കുച്ചി ഇഫെനി ഫ്രാങ്ക്‌ലിൻ

കോഴിക്കോട്: മലയാളികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘം സജീവം. അന്യ സംസ്ഥാന തട്ടിപ്പ് സംഘങ്ങളുടെയും വിദേശ തട്ടിപ്പ് സംഘങ്ങളുടെയും വലയിൽ നിരവധി മലയാളികളാണ് കുടുങ്ങുന്നത്. പലരും പരാതിയുമായി രംഗത്ത് വരാത്തത് തട്ടിപ്പുകാർക്ക് കൂടുതൽ അവസരം ഒരുക്കുകയാണ്. ലക്ഷങ്ങളാണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്. നല്ലളം സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ നൈജീരിയൻ സ്വദേശിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ്ചെയ്തത്. കൂട്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യമാർട്ട് എന്ന വെബ്‌സൈറ്റിലൂടെ പണം തട്ടിയ കേസിൽ ഗുജറാത്ത്സ്വദേശിയെ രണ്ടുമാസം മുമ്പ് പിടികൂടിയിരുന്നു.

@ നൈജീരിയൻ സ്വദേശി

പിടിയിലായത് ബംഗളൂരുവിൽ

ട്രേഡിംഗ് വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നൈജീരിയ സ്വദേശിയെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടി. അക്കുഞ്ചി ഇഫെനി ഫ്രാങ്ക്‌ലിനെയാണ് ഇന്നലെ ബംഗളൂരുവിൽ പിടികൂടിയത്.

ഒ.എൽ.എക്‌സിൽ വിൽപനയ്ക്ക് വെച്ച കോഴിക്കോട് നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തുടർന്ന് വ്യാജ നമ്പരുകളിലുള്ള വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയും ആർ.ബി.ഐ ഉദ്യോഗസ്ഥരുടെ പേരിൽ ഇ മെയിലുകൾ അയച്ചും പരാതിക്കാരന്റെ വിശ്വാസം പിടിച്ചു പറ്റിയാണ് തട്ടിപ്പ്. പ്രൊസസിംഗ് ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ പ്രൊസസ് തുടങ്ങിയ പല പേരുകളിലായി പരാതിക്കാരനിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂട്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .