പിടി7നെ കൂട്ടിലാക്കിയിട്ടും ധോണി വീണ്ടും കാട്ടാന ഭീതിയിൽ; നെൽപ്പാടം നശിപ്പിച്ചു, തെങ്ങുകൾ കുത്തി മറിച്ചു

Monday 23 January 2023 10:37 PM IST

പാലക്കാട്: പിടി7 ഭീതി പടർത്തിയിരുന്ന പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിന് സമീപമുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന ഇറങ്ങിയത്. നെൽപ്പാടത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ ആന രണ്ട് തെങ്ങുകളും മറിച്ചിട്ടു.

ധോണിയിലെ ജനവാസമേഖലയിൽ ഭീതി പരത്തിയ പി.ടി 7നെ ഇന്നലെ പിടികൂടിയതിന് പിന്നാലെ ഇനി ആനയുടെ ശല്യമുണ്ടാകില്ലെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ. അതിനിടയിലിലാണ് പത്മനാഭൻ എന്നയാളുടെ തോട്ടത്തിൽ കാട്ടാന പ്രത്യക്ഷപ്പെട്ടത്. മുണ്ടൂർ കോർമയിലെ പാടത്തിന് സമീപം പി.ടി 7നുണ്ടെന്ന് ഇന്നലെ പുലർച്ചെ വിവരം ലഭിച്ചതിന് പിന്നാലെ ധോണിയിലെ ക്യാമ്പിൽ നിന്ന് ഡോ. അരുൺസക്കറിയ അടക്കമുള്ള സംഘം സ്ഥലത്തെത്തി. കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിച്ച സംഘം സമീപത്ത് മറ്റൊരു മോഴയാനയേയും കണ്ടെത്തിയിരുന്നു.

രാവിലെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തുവച്ചാണ് ആദ്യ മയക്കുവെടിവച്ചത്. ആനയുടെ 50 മീറ്റർ ദൂരത്തുനിന്ന് സർപ്രൈസ് ഷോട്ടായിരുന്നു. ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായി വെടിയേറ്റ ആന നൂറുമീറ്ററോളം നീങ്ങി കാട്ടിൽ നിലയുറപ്പിച്ചു. ഈ സമയം കൂടിയുണ്ടായിരുന്ന മോഴ പിന്മാറിയിരുന്നു. ഇതേ ആനയാണ് ഇന്ന് ജനവാസമേഖലയിൽ എത്തിയതെന്നാണ് കരുതുന്നത്.

അതേ സമയം ധോണിയിലെ ജനജീവിതത്തിന് ഭീഷണിയായിരുന്ന പിടി7 എന്ന കൊലയാളി കൊമ്പനെ 72 അംഗ ദൗത്യസംഘം ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്നലെ പിടികൂടിയത്. 2022 ജൂലൈ മാസത്തിൽ പ്രഭാതസവാരിയ്ക്കിറങ്ങിയ പ്രദേശവാസിയെ ചവിട്ടിക്കൊന്ന പിടി7നെ നാല് മണിക്കൂർ കൊണ്ടാണ് ധോണിയിലെ ക്യംപിലെത്തിച്ചത്. മൂന്ന് കുംങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമായിരുന്നു. നിലവിൽ ധോണി ക്യാംപിലെ 140 യൂക്കാലിപ്റ്റസ് മരങ്ങൾ കൊണ്ട് തീർത്ത കൂട്ടിനുള്ളിലാണ് പിടി7 ഉള്ളത്. ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കി മാറ്റുന്നതിന്റെ ഭാഗമായി പിടി7നെ ധോണിയെന്ന് വിനംമന്ത്രി പേരുമാറ്റിയിരുന്നു.

Advertisement
Advertisement