സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനം: സർക്കാരിന്റെ അപ്പീൽ തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി

Tuesday 24 January 2023 12:57 AM IST

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വി.സിയായി ഡോ. സിസതോമസിനെ ചാൻസലർ നിയമിച്ചത് ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി അടുത്ത തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് താത്കാലിക വി.സി നിയമനം വേണ്ടിവന്നത്. ഇത്തരം ഘട്ടങ്ങളിൽ വി.സിയുടെ ചുമതല സർവകലാശാല പ്രോ വി.സിക്കോ മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കോ നൽകണമെന്നാണ് സർവകലാശാല നിയമത്തിലുള്ളത്. ഇതിന് വിരുദ്ധമായി ചാൻസലർ സ്വന്തംനിലയ്ക്ക് ഡോ. സിസ തോമസിനെ നിയമിച്ചെന്നാരോപിച്ച് സർക്കാർ നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് ഈ നിയമനം ശരിവച്ചിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.

Advertisement
Advertisement