എറണാകുളത്ത് നോറോ വൈറസ്: 19 കുട്ടികൾക്ക് രോഗബാധ

Tuesday 24 January 2023 2:00 AM IST

കൊച്ചി: വയറിളക്കം, ഛർദ്ദി തുടങ്ങിയവയ്ക്ക് കാരണമാകുന്ന നോറോ വൈറസ്ബാധ എറണാകുളം ജില്ലയിൽ കാക്കനാട്ടെ പ്രമുഖസ്‌കൂളിലെ 1, 2ക്ലാസുകളിലെ 19 വിദ്യാർത്ഥികളിൽ സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച സാമ്പിളുകൾ പോസിറ്റീവായി.

സ്‌കൂളിൽ ഇന്നലെ മുതൽ ക്ലാസുകൾ ഓൺലൈനാക്കി. ബോധവത്കരണ ക്ലാസുകളും നൽകുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കി. ഇവിടത്തെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

നോറോ വൈറസ്

ആമാശയം, കുടൽ എന്നിവയുടെ ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും കാരണമാകും.

ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം

രോഗം പകരുന്നത്

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ

രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ

രോഗബാധിതന്റെ വിസർജ്യം, ഛർദ്ദിയുടെ അവശിഷ്ടം എന്നിവ വഴി

ലക്ഷണങ്ങൾ പനി തലവേദന ഛർദ്ദി വയറുവേദന വയറിളക്കം മനംമറിച്ചിൽ

ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം ഉണ്ടായി ഗുരുതരാവസ്ഥയിലാകും.