വായുവിൽ തലകുത്തി മറിയാൻ എന്തെളുപ്പം

Tuesday 24 January 2023 4:00 AM IST

ആലപ്പുഴ: ഹോളിവുഡ് ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങളിൽ പയറ്റുന്ന പാർക്കർ എന്ന അഭ്യാസവുമായി സാമ്യം തോന്നുമെങ്കിലും ഇത് 'ട്രിക്കിംഗ്' ആണ്. ഓടിവന്ന് പലതവണ മലക്കം മറിയുകയാണിവർ. ആലപ്പുഴ ബീച്ചിലെ ചൊരിമണലിലാണ് അഭ്യാസം. അസാമാന്യ മെയ് വഴക്കവും ചലനങ്ങളും ഒത്തുചേരുന്ന ട്രിക്കിംഗ് ഇന്റർനെറ്റ് വഴി പരിശീലിച്ച ആലപ്പുഴ കുതിരപ്പന്തി കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എ.അനൂപ് ഇപ്പോൾ മറ്റുള്ളവരെ പരിശീലിപ്പിക്കുകയാണ്. കൊറിയൻ അയോധനകലയാണിത്.

പതിമൂന്നാം വയസിൽ തന്റെ കളരി അഭ്യാസം കണ്ട് അടുത്തു വന്ന വിദേശികൾ പകർന്ന അറിവിന് പിന്നാലെയുള്ള യാത്രയാണ് ആലപ്പുഴ കുതിരപ്പന്തി കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എ.അനൂപിനെ ട്രിക്കിംഗ് പരിശീലകനാക്കിയത്. ഇന്ത്യയിലെ തന്നെ വിരലിലെണ്ണാവുന്ന ട്രിക്കിംഗ് പരിശീലകരിൽ പ്രമുഖനാണ് 28 കാരനായ അനൂപ്.

12 വർഷത്തിലധികമായി ഇതിനു പിന്നാലെയുണ്ട് അനൂപ്. എറണാകുളത്ത് സ്വകാര്യ ഡെന്റൽ ലാബിലെ സെയിൽസ് എക്സിക്യുട്ടിവാണ് അനൂപ്.

അമ്പരപ്പിച്ച സായിപ്പ്

എട്ടാം വയസിൽ കളരി അഭ്യാസം തുടങ്ങിയ അനൂപ് ആലപ്പുഴ കടൽത്തീരത്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കേ മൂന്ന് വിദേശികളാണ് ആദ്യമായി ഈ അഭ്യാസം കാട്ടിക്കൊടുത്തത്

വായുവിൽ തുടർച്ചയായി മലക്കം മറിഞ്ഞ് കിക്ക്, ഫ്ലിപ്പ്, ട്വിസ്റ്റ് എന്നീ മുറകൾ അവർ കാട്ടി. 'ദിസ് ഈസ് ട്രിക്കിംഗ്' എന്ന വാചകം മാത്രമാണ് പതിമൂന്ന് വയസുകാരന്റെ മനസിൽ തങ്ങിയത്. കളരിപ്പയറ്റിൽ ദേശീയ സ്വർണമെഡൽ ജേതാവും തായ്ക്കൊണ്ടോ പരിശീലകനുമായ അനൂപ് സ്മാർട്ട് ഫോൺ വന്നതോടെയാണ് ട്രിക്കിംഗ് എന്തെന്ന് മനസ്സിലാക്കിയതും സ്വയം പഠിച്ചതും.

ട്രിക്കിംഗ്

തായ്ക്കൊണ്ടോ, കരാട്ടെ തുടങ്ങിയ ആയോധനകലകളിൽ നിന്നും ജിംനാസ്റ്റിക്സ്, നൃത്തം ഇനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1960കളിൽ രൂപം കൊണ്ടതാണെങ്കിലും ഇന്ത്യയിലും കേരളത്തിലും ട്രിക്കിംഗ് ഇപ്പോഴും ന്യൂജെൻ താരമാണ്.

ശരീരത്തിന് മെച്ചം

 ശരീരപ്രകൃതി മെച്ചപ്പെടുത്താം

 ജിമ്മിൽ പോകുന്ന അതേ ഗുണം

 ശരീരത്തിന്റെ വഴക്കം വർദ്ധിക്കും

 ശരീരഭാരം നിയന്ത്രിക്കാം

 ആയോധനകലകൾ പരിശീലിക്കുന്നവർക്ക് ഗുണകരം