എണ്ണിത്തീരാതെ ശബരിമല നാണയക്കൂമ്പാരം,   ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് നടപ്പാവില്ല

Tuesday 24 January 2023 4:05 AM IST

ശബരിമല: സന്നിധാനത്തെ പുതിയ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ കാണിക്കപ്പണം ജനുവരി 25ന് എണ്ണിത്തീരുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് നടപ്പാകില്ല. ഒരു ദിവസം മാത്രം ശേഷിക്കേ,

മൂന്ന് വലിയ കൂനകളിൽ ഒരെണ്ണം മാത്രമാണ് എണ്ണിത്തീർന്നത്. ഇതിനുതന്നെ പത്തു ദിവസത്തോളം വേണ്ടിവന്നു.

479 ജീവനക്കാരെ നിയോഗിച്ചെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത് . തുടക്കത്തിൽ 150ൽ താഴെ ജീവനക്കാരാണ് ഇതിനായി ഉണ്ടായിരുന്നത്.മകരം രണ്ട് മുതലാണ് എണ്ണാൻ ആരംഭിച്ചത്.

നട അടച്ചശേഷം 700ലധികം ജീവനക്കാരാണ് നാണയം എണ്ണുന്നത്.

ആധുനിക സംവിധാനമില്ലാത്തതും പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവും പ്രശ്നമാണ്.

പഴയ ഭണ്ഡാരത്തിൽ കെട്ടിക്കിടക്കുന്ന കാണിക്കപ്പണം (കാണിപ്പൊന്ന്) നശിക്കുന്ന വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെയാണ് ദേവസ്വം ബോർഡ് ജാഗ്രതയിലായത് . വെറ്റില, പാക്ക് എന്നിവയ്ക്കൊപ്പം നാണയവും നോട്ടും തുണിയിൽ കെട്ടി സമർപ്പിക്കുന്ന കാണിക്കപ്പൊന്ന് പഴയ ഭണ്ഡാരത്തിലാണ് കൂട്ടിയിട്ടിരുന്നത്. പാക്കും വെറ്റിലയും അഴുകി നോട്ട് ദ്രവിക്കുകയും കറപറ്റി നശിക്കുകയുമായിരുന്നു. എത്ര നോട്ടുകൾ നശിച്ചു എന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ഭണ്ഡാരത്തിലെ പൊടിയും മോശം ഭക്ഷണവും ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.

തുടർച്ചയായി 60 ദിവസം ഡ്യൂട്ടി നോക്കിയ ശേഷവും വീട്ടിൽ പോകാൻ കഴിയാത്തത് പലരെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

എണ്ണാൻ യന്ത്രമില്ല, ബോർഡിന് ഇരട്ടിനഷ്ടം

നാണയം എണ്ണിത്തീർക്കാൻ 2017 ലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്ന് ധനലക്ഷ്മി ബാങ്ക് ആധുനിക യന്ത്രങ്ങൾ എത്തിച്ചിരുന്നു. ഈ യന്ത്രങ്ങളിലേക്ക് നാണയങ്ങൾ വാരിയിട്ടാൽ എണ്ണി തരംതിരിച്ച് സഞ്ചിയിലേക്ക് വീഴുമായിരുന്നു. സഞ്ചി തയ്ക്കുന്നതിനും കെട്ടുന്നതിനും മാത്രമാണ് ആളുകൾ വേണ്ടിവന്നിരുന്നത്. പക്ഷേ, പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. നോട്ടെണ്ണുന്ന യന്ത്രം മാത്രമാണുള്ളത്. പണമെണ്ണാൻ ജീവനക്കാരെ ഉപയോഗിക്കുന്നത് ദേവസ്വം ബോർഡിന് ഇരട്ടി നഷ്ടമാണ്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരിലധികവും നാട്ടിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരാണ് . ഇവർക്ക് പകരം ക്ഷേത്രങ്ങളിൽ താത്കാലിക ജീവനക്കാരെ നിയോഗിക്കേണ്ടി വരും. ശബരിമല ഡ്യൂട്ടിയുള്ളവർക്ക് ശമ്പളത്തിനു പുറമേ ഡ്യൂട്ടി അലവൻസും നൽകണം.

"ഭണ്ഡാരത്തിൽ ജോലിചെയ്യുന്നവർ അവശരാണ്. പണം എന്ന് എണ്ണിത്തീരുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവിലുള്ളവർക്ക് അവധി നൽകിയ ശേഷം കുംഭമാസ പൂജയ്ക്ക് മുൻപായി പുതിയ ജീവനക്കാരെ എത്തിച്ച് പണം എണ്ണിത്തീർക്കണം"

ജി.ബൈജു,

ജനറൽ സെക്രട്ടറി,

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്