മുഖം കൊടുക്കാതെ ഗവർണർ: ഗൗരവ ഭാവത്തിൽ മടക്കം

Tuesday 24 January 2023 12:00 AM IST

തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിക്കുമ്പോൾ മുഖ്യമന്ത്രിയോടും മറ്റും കാട്ടിയ സൗഹാർദ്ദ പ്രകടനമല്ലാതെ, സഭയ്ക്കകത്ത് ഗവർണർ മുഖ്യമന്ത്രിയുൾപ്പെടെ ആർക്കും മുഖം കൊടുക്കാതെ ഗൗരവഭാവത്തിലായിരുന്നു. ഗവർണർ സഭയ്ക്കകത്തേക്ക് കടന്നുവരവേ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് പ്ലക്കാർഡുകളുയർത്തിക്കാട്ടി കമന്റുകൾ പാസാക്കി.

'ഗവർണർ- സർക്കാർ ഒത്തുകളി', 'ഗവർണർ- സർക്കാർ ഭായ് ഭായ്',

' ആർ.എസ്.എസ് നോമിനിയുമായി ഒത്തുതീർപ്പുണ്ടാക്കി പിണറായി സർക്കാർ', 'എൽ.ഡി.എഫ്- ബി.ജെ.പി ഗവർണർ കൂട്ടുകെട്ട് ലക്ഷ്യം എന്ത്', 'സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലം ആരാണ്, എന്തിനീ ഒത്തുതീർപ്പ്', 'കാശ്മീരിലെ തേയിലയ്ക്ക് സ്വാദ് കൂടും, ഒത്തുതീർപ്പിന് വേഗത കൂടും', എന്നിങ്ങനെ മലയാളത്തിൽ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളാണ് പ്രതിപക്ഷം എടുത്തുയർത്തിയത്. എന്നാൽ ഗവർണർ ഗൗനിച്ചില്ല. പ്രതിപക്ഷാംഗങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ അല്പനേരം ഒച്ച വച്ചിട്ടും പ്രയോജനമുണ്ടായില്ല. ഒന്ന് നോക്കിയ ശേഷം പ്രസംഗം ആരംഭിച്ച ഗവർണർ, നയപ്രഖ്യാപനമെന്നത് ഒരു ബഹുമതിയായും വിശേഷാധികാരമായും കരുതുന്നുവെന്ന് പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങുമ്പോഴും പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തിക്കാട്ടി.

'മലയാളത്തിലെഴുതിയാൽ അദ്ദേഹത്തിന് മനസ്സിലാകുമോ, നിങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതിക്കൊണ്ട് വരേണ്ടിയിരുന്നില്ലേ' എന്ന പരിഹാസ കമന്റ് ഇതിനിടയിൽ ചില ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തോട് നടത്തി.51 പേജുകളിലായുള്ള നയപ്രഖ്യാപനം 1 മണിക്കൂർ 12 മിനിട്ടെടുത്ത് പൂർണമായി വായിച്ചുതീർത്താണ് ഗവർണർ മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലെ പനി കാരണം ഗവർണറുടെ സ്വരവും ഏറെ ക്ഷീണിച്ചതായിരുന്നു.

6 മിനിറ്റിൽ ജ്യോതി

വെങ്കടാചലം

2013ൽ ഒരു മണിക്കൂറും എട്ട് മിനിറ്റുമെടുത്ത് ഗവർണർ നടത്തിയ നയപ്രഖ്യാപനമാണ് ഇതിന് മുമ്പത്തെ കുറഞ്ഞ സമയം. നിയമസഭയുടെ ചരിത്രത്തിലെ 73ാമത് നയപ്രഖ്യാപനമാണ് ഇന്നലെ ഗവർണർ നടത്തിയത്. 1982ൽ ഗവർണറായിരുന്ന ജ്യോതി വെങ്കടാചലം അവതരിപ്പിച്ചതാണ് ഏറ്റവും കുറഞ്ഞ സമയമെടുത്തുള്ള നയപ്രഖ്യാപനം. പ്രതിപക്ഷബഹളം കാരണം വെറും ആറ് മിനിറ്റിൽ അവർ പ്രസംഗം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളിലേക്ക് അവരെ കയറാനനുവദിക്കാതെ ഗേറ്റിൽ വച്ചു തന്നെ പ്രതിപക്ഷം തടഞ്ഞു.

ഇന്നലെ രാവിലെ 9ന് മുമ്പു തന്നെ ഗവർണർ നിയമസഭാ മന്ദിരത്തിന് മുന്നിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ,മന്ത്രി കെ. രാധാകൃഷ്ണൻ, ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയ് എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. 9.02ന് അദ്ദേഹം പ്രസംഗം ആരംഭിച്ചു.

Advertisement
Advertisement