ലൈഫ് മിഷൻ കോഴ: സ്വപ്നയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണക്കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിനെയും യു.എ.ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ സരിത്തിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു.
കരാർ ലഭിക്കാൻ കോഴ നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിലാണ് കള്ളപ്പണം തടയൽ നിരോധന നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ കോഴയുടെ വിഹിതമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്തത്.
നയനക്കേസ്: മൊഴികൾ പരിശോധിക്കുന്നു
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സഹോദരന്റെ മൊഴിയും ഉന്നയിച്ചിരിക്കുന്ന സംശയങ്ങളും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ അന്വേഷണ സംഘം. മരണത്തിന് കാരണമായി സഹോദരൻ മധു സംശയിക്കുന്ന കാര്യങ്ങളെ ബന്ധപ്പെടുത്താൻ തക്ക തെളിവുകൾ ലോക്കൽ പൊലീസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണത്തിലോ മഹസറിലോ കേസ് ഡയറിയിലോ എത്രമാത്രമുണ്ടെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കൊല്ലപ്പെട്ട പി.എഫ്.ഐ നേതാവ് സുബൈറിന്റെ പേരിലും ജപ്തി നോട്ടീസ്
പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണത്തിന് ജപ്തി നേരിടുന്നവരിൽ മരിച്ചയാളും. കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പാലക്കാട് എലപ്പുള്ളി സ്വദേശി സുബൈറിനാണ് കോടതി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ സുബൈറിന്റെ മുഴുവൻ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 സെപ്തംബർ 23നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ഹർത്താൽ നടന്നത്. എന്നാൽ, 2022 ഏപ്രിൽ 15 കൊല്ലപ്പെട്ടയാളാണ് സുബൈർ. സംഭവത്തിൽ സുബൈറിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സുബൈറിന്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷത്തിന്റെ സ്വത്ത് മാത്രമേയുള്ളൂ എന്നാണ് കുടുംബം പറയുന്നത്. ജപ്തി ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ പൊലീസിന് സംഭവിച്ച പിഴവാണ് പരേതന്റെ പേരിൽ ജപ്തി നോട്ടീസ് വരാൻ കാരണം.